ആലപ്പുഴ: മഹാത്മാഗാന്ധിയുടെ എഴുപത്തിരണ്ടാം രക്തസാക്ഷി ദിനത്തിൽ യുഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ഭൂപടത്തിൽ അണിനിരന്ന് വധൂവരൻമാരും. അമ്പലപ്പുഴ സ്വദേശികളായ നവ വധുവരന്മാരാണ് വിവാഹദിവസം യുഡിഎഫിന്റെ മനുഷ്യഭൂപടത്തിൽ അണിനിരന്നത്. ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായ പികെ അജേഷും അമ്പലപ്പുഴ സ്വദേശിനി സരയൂവുമാണ് ചടങ്ങുകൾക്ക് ശേഷം വിവാഹവേഷത്തിൽ തന്നെ ചടങ്ങിനെത്തിയത്.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഭയാനകമായ സാഹചര്യവും നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന കിരാതമായ ഭരണത്തിനെതിരെയുള്ള പ്രതിഷേധമായാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ഇരുവരും പ്രതികരിച്ചു. ദേശീയ പൗരത്വ നിയമ ദേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കേരളത്തിലെ 12 ജില്ലകളിലാണ് യുജിഎഫ് മനുഷ്യ ഭൂപടം തീർത്തത്.