ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടന്ന അരൂരിൽ യുഡിഎഫിന് വിജയം സുനിശ്ചിതമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. എം. ലിജു. സംസ്ഥാന സർക്കാരിനെതിരായ ജനവികാരം വോട്ടായി പ്രതിഫലിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയെ അരൂരിലെ ജനങ്ങൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്ഥാനാർഥിക്ക് വലിയ അംഗീകാരമുണ്ടെന്നും ലിജു അഭിപ്രായപ്പെട്ടു.
അരൂരിൽ ആദ്യം മുതൽ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാൻ കഴിഞ്ഞത് യുഡിഎഫിന് ഗുണകരമായി. അതോടൊപ്പം തന്നെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാനെതിരായ മന്ത്രി ജി. സുധാകരന്റെ 'പൂതന' പരാമർശവും ഷാനിമോൾക്കെതിരായി ജാമ്യമില്ലാ വകുപ്പനുസരിച്ച് രജിസ്റ്റർ ചെയ്ത കേസും അനുകൂല ഘടകങ്ങളായി മാറിയതായാണ് യുഡിഎഫ് വിലയിരുത്തലെന്നും ലിജു വ്യക്തമാക്കി.