ആലപ്പുഴ : ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും തികഞ്ഞ യോജിപ്പോടെ ഒറ്റക്കെട്ടായാണ് ഇടതുപക്ഷ ജനാതിപത്യ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി .തിലോത്തമൻ. സാധാരണഗതിയിൽ ജില്ലയുടെ ചില ഭാഗത്തെങ്കിലും മുന്നണി സമവാക്യങ്ങൾ താളം തെറ്റാറുണ്ട്. ജില്ലയിൽ എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇതുപോലെ യോജിച്ച് ഒന്നായി പ്രവർത്തിക്കുന്ന സന്ദർഭം സമീപകാലത്ത് കാണാൻ കഴിഞ്ഞിട്ടില്ലെന്നും ഇത് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ കഴിഞ്ഞ നാലരവർഷക്കാലം കൊണ്ട് നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ജനമനസ്സുകളിൽ വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിസന്ധികളുടെ കാലത്ത് ജനങ്ങൾക്കൊപ്പം നിന്ന് അങ്ങേയറ്റം ആത്മാർത്ഥമായാണ് ഈ സർക്കാർ പ്രവർത്തിച്ചത്. മഹാമാരിയുടെ കാലത്തും വിലക്കയറ്റം കൊണ്ടും നാട്ടിൽ ഒരാൾ പോലും പട്ടിണി കിടക്കാതെയാണ് സർക്കാർ നോക്കിയത്. പെൻഷനും പൊതുവിതരണ സംവിധാനവും കൃത്യമായും സുതാര്യമായും നടപ്പിലാക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേർത്തല തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിലായിരുന്നു മന്ത്രിക്കും കുടുംബത്തിനും വോട്ട്. കുടുംബസമേതം ബൂത്തിലെത്തിയാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.