ആലപ്പുഴ: കോണ്‍ഗ്രസില്‍ പി.ജെ കുര്യനും വി.എം സുധീരനും അടക്കമുള്ളവര്‍ വിസ്മരിക്കപ്പെടുകയാണെന്ന് കെ.വി തോമസ്. കോൺഗ്രസിൽ ഗ്രൂപ്പ് ഇല്ലാതെ നിലനിൽപ്പും വളർച്ചയും ഉണ്ടാവില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗ്രൂപ്പ് ഇല്ലാത്ത പലരും ഇന്ന് പാർട്ടിക്ക് പുറത്താണ്. ഗ്രൂപ്പ് വേണ്ടെന്ന് തീരുമാനം എടുത്തയാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പുകൾ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് നേരത്തേ പറഞ്ഞിട്ടുള്ളതാണെന്നും അതിന്റെ ഫലം എന്താണെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടതാണെന്നും കെ.വി തോമസ് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമാണെന്ന് താൻ കരുതുന്നില്ല. സുധാകരനുമായി നല്ല സൗഹൃദമാണ് തനിക്കുള്ളത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകേണ്ട കാര്യത്തിൽ നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്.ദേശീയ തലത്തിലും അത് തന്നെയാണ് നടക്കുന്നത്.
സെമിനാറില്‍ പങ്കെടുക്കുന്നതിന് മുമ്പ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു: ആരും സോണിയ ഗാന്ധിക്കും നെഹ്‌റു കുടുംബത്തിനും എതിരല്ല. താൻ ഡൽഹിയിൽ ഉള്ളപ്പോഴാണ് സി.പി.എം സമ്മേളനത്തിന് പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കുന്നത്. സ്റ്റാലിൻ കൂടി പങ്കെടുക്കുന്ന പരിപാടിയാണെന്ന് പറഞ്ഞിരുന്ന സാഹചര്യത്തിൽ അപ്പോൾ തന്നെ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സോണിയ ഗാന്ധിക്ക് കത്ത് എഴുതിയിരുന്നു. താരീഖ് അൻവറുമായി ബന്ധപ്പെട്ടിരുന്നു. തനിക്കും ശശി തരൂരിനുമാണ് ക്ഷണം ലഭിച്ചത്.
ശശി തരൂരിനോട് പോകേണ്ട എന്നാണ് പാർട്ടി പറഞ്ഞത്. എന്നാൽ തനിക്ക് അതുസംബന്ധിച്ച നിർദ്ദേശം ഒന്നും ലഭിച്ചിരുന്നില്ല. രണ്ട് ദിവസത്തിന് ശേഷം കെ.സി വേണുഗോപാൽ ഫോണിൽ വിളിച്ച്ശ ശി തരൂർ പോകാത്ത സാഹചര്യത്തിൽ പങ്കെടുക്കേണ്ടെന്ന് പറഞ്ഞു. അതനുസരിച്ച് പോകുന്നില്ലെന്ന നിലപാട് താൻ മാധ്യമ പ്രവർത്തകരെ വിളിച്ച് അറിയിച്ചു.
Also Read: തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ശ്രമമെന്ന് കെ.വി. തോമസ്
എന്നാൽ അതിന് ശേഷവും തനിക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണുണ്ടായത്. മുക്കുവക്കുടിയിൽ നിന്ന് വന്നയാളാണെന്നും തിരുതത്തോമയെന്നും വിളിച്ച് ആക്ഷേപിക്കുന്നവരുണ്ട്. അതിൽ പരിഭവമില്ല. താൻ പ്രതിനിധാനം ചെയ്യുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തെയാണ്. അതിന്റെ പേരിൽ വരുന്ന ആക്ഷേപങ്ങളെ വകവയ്ക്കുന്നില്ലെന്നും കെ.വി തോമസ് വ്യക്തമാക്കി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് പ്രതിപക്ഷമാകാന്‍ കഴിയില്ല : വരാനിരിക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് പ്രതിപക്ഷമാകാന്‍ കഴിയില്ല. എന്നാല്‍ ഇത്തവണ ബി.ജെ.പിക്ക് ഈസി വാക്കോവർ ആയിരിക്കുകയുമില്ല. സ്റ്റാലിനും യെച്ചൂരിയും തെരഞ്ഞെടുപ്പില്‍ പ്രധാന ഘടകങ്ങളാണ്. ആ സാഹചര്യത്തിലാണ് സി.പി.എം സെമിനാറിൽ പങ്കെടുത്തതെന്നും അതിലും കോൺഗ്രസിനെതിരെയല്ല താൻ സംസാരിച്ചതെന്നും കെ.വി തോമസ് പറഞ്ഞു.
കെ-റെയിൽ വിഷയത്തിൽ വികസന രാഷ്ട്രീയത്തിന്റെ നിലപാടാണ് താൻ സ്വീകരിച്ചത്. കെ-റെയിൽ പദ്ധതിയിൽ എവിടെയാണ് ഡിഫക്റ്റ് എന്ന് രാഷ്ട്രീയകാര്യ സമിതിയിൽ ചോദിച്ചിരുന്നു. വികസനത്തിൽ ആന്റണിയുടെ പാതയാണ് പിന്തുടരുന്നത്. ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് പോലും ഞാന്‍ പറഞ്ഞിട്ടില്ല. ഒന്നിനെയും കണ്ണടച്ച് എതിർക്കരുത്.
കരുണാകരനെ കണ്ണടച്ച് എതിർത്തതിന്റെ ദുഃഖം കേരളമാണ് അനുഭവിച്ചത്. അതുകൊണ്ട് സി.പി.എമ്മിന് ഗുണമൊന്നും ഉണ്ടായിട്ടില്ല. ഇത്തരം വികസന കാര്യങ്ങളിൽ അമിതമായ രാഷ്ട്രീയം കൊണ്ടുവരുന്നത് ഗുണകരമല്ലെന്നും കെ.വി തോമസ് ആലപ്പുഴയിൽ പറഞ്ഞു.