ആലപ്പുഴ : ചേർത്തല ദേശീയപാതയിൽ പിക്കപ്പ് വാനും, കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്. ദേശീയപാതയിൽ ചേർത്തല പ്രൊവിഡൻസ് കവലയിൽ രാത്രിയിലാണ് അപകടം നടന്നത്. പിക്കപ്പ് വാൻ എതിരെ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഡ്രൈവർ ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിൽ കൊച്ചുപറമ്പിൽ അൻസാർ, ക്ലീനർ വണ്ടാനം ഫാത്തിമ മൻസിലിൽ സവാദ്, കെഎസ്ആർടിസി കണ്ടക്‌ടർ, യാത്രക്കാരായ പാലക്കാട് സ്വദേശി ദിലീപ് ഉൾപ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ്‌വാന്‍റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെയും ക്ലീനറെയും ഏറെ നേരത്തെ ശ്രമത്തിന് ശേഷം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഫയർഫോഴ്‌സും ചേർത്തല പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റവരെ ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.