ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളെ തോൽപ്പിക്കാനായി പ്രവര്‍ത്തിച്ചെന്ന പരാതിയിൽ ഡിസിസി അംഗത്തിന് സസ്‌പെൻഷൻ. ആലപ്പുഴ ഡിസിസി അംഗം മഠത്തിൽ ഷുക്കൂറിനെയാണ് യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നാരോപിച്ച് സസ്‌പെൻഡ് ചെയ്തത്. കെപിസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് കൃഷ്ണപുരം ഡിവിഷനിൽ നിന്നും മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയുമായ അഡ്വ. കെ.പി ശ്രീകുമാർ, വള്ളികുന്നം പഞ്ചായത്തിലെ 16ആം വാർഡിലേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി വിജയൻ പിള്ള എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് പ്രവർത്തനം സംഘടിപ്പിച്ചു എന്ന പരാതിയിന്മേലാണ് മഠത്തിൽ ഷുക്കൂറിനെതിരെ കെപിസിസി നേതൃത്വം സംഘടനാ നടപടി സ്വീകരിച്ചത്.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനാണ് ഡിസിസി അംഗത്തെ പുറത്താക്കാൻ ശുപാർശ നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.പി അനിൽകുമാർ ഷുക്കൂറിന് കൈമാറി. യുഡിഎഫ് സ്ഥാനാർഥികളെ തോൽപ്പിക്കണമെന്ന തരത്തിലുള്ള പരാമർശം നടത്തിയ ഓഡിയോക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ഡിസിസിക്ക് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം മഠത്തിൽ ഷുക്കൂർ അംഗീകരിച്ചതിനെ തുടർന്നാണ് കെപിസിസി നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്. കെപിസിസി ഗാന്ധി ഹരിത സമൃദ്ധി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ മഠത്തിൽ ഷുക്കൂർ എ ഗ്രൂപ്പ് അംഗമാണ്.