ആലപ്പുഴ: കുട്ടനാടിനെ പ്രളയബാധിത പ്രദേശമായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്. കുട്ടനാടിനെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കേണ്ടെന്ന് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് വളരെ നിരാശജനകമാണ്. കുട്ടനാട്ടിലെ ജനങ്ങൾ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് എന്നും ഇത് തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം 'ഇടിവി ഭാരതി'നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിൽ ആയിരക്കണക്കിന് വീടുകൾ നശിച്ചു. മൂവായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുകയാണ്. വീടുകളിലേക്ക് അവർക്ക് തിരികെയെത്തണമെങ്കിൽ ആഴ്ചകൾ എടുക്കും എന്ന നിലയാണിവിടെയുള്ളത്. പ്രദേശത്ത് കുടിവെള്ള ക്ഷാമവും വൈദ്യുതി ക്ഷാമവും രൂക്ഷമാണ്. വീടുകൾ എല്ലാം ഉപയോഗശൂന്യമാണ്. ദുരിതത്തിന്റെ വ്യാപ്‌തിയെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും കുട്ടനാട്ടിൽ പ്രളയം തന്നെയാണ് ഉണ്ടായിരിക്കുന്നത്.
2018ലെ പ്രളയത്തിന് സമാനമായ സാഹചര്യമാണ് കുട്ടനാട്ടിൽ നിലനിൽക്കുന്നത്. ഇങ്ങനെയൊക്കെ ആയിട്ട് പോലും കുട്ടനാനിടെ പ്രളയബാധിത പ്രദേശമായി സർക്കാർ പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടനാട്ടിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് കൊണ്ട് കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും ദുരിതബാധികർക്ക് അടിയന്തരമായി ധനസഹവും ലഭ്യമാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.