ആലപ്പുഴ: കെ.ഐ.പി കനാലിന്‍റെ അരിക് സംരക്ഷണവുമായി ബന്ധപ്പെട്ട് അടിയന്തിര ശ്രദ്ധ വേണമെന്ന് ജില്ലാ കലക്ടര്‍. ഇതിനായി സമീപത്തുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കെ.ഐ.പി കനാൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം വിളിക്കാൻ നിർദ്ദേശം നൽകി. മാവേലിക്കര പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര വടക്ക് മുറിയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ റജീനമോൾ അദാലത്തില്‍ നല്‍കിയ പരാതിയിലാണ് തീരുമാനം. കനാൽ തുറന്നു കഴിഞ്ഞാൽ വീട് വെള്ളത്തിലാകുമെന്നാണ് പരാതി. വെള്ളം കയറി വീടിന്‍റെ അടിത്തറ തകരുകയും കൃഷി നശിക്കുകയും ചെയ്യുന്നതായും അവര്‍ പരാതിയില്‍ പറയുന്നു.
സ്വകാര്യ ലാബില്‍ രക്ത പരിശോധന നടത്തിയപ്പോള്‍ പരിശോധനാഫലം എച്ച്.ഐ.വി പോസിറ്റീവ് എന്ന് തെറ്റായി കാണിച്ചുവെന്ന ചുനക്കര സ്വദേശിയുടെ പരാതിയും അദാലത്തില്‍ കലക്ടര്‍ പരിഗണിച്ചു. ലാബിൽ നിന്ന് എച്ച്ഐവി പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് തന്‍റെ ജീവിതം താളംതെറ്റിയതായി അദ്ദേഹം പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. പുറത്തുള്ള മൂന്നു ലാബുകളിൽ പരിശോധിച്ചപ്പോൾ എച്ച്ഐവി നെഗറ്റീവാണെന്നാണ് കണ്ടെത്തിയത്. ലാബുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പരാതി പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയാതായും കലക്ടര്‍ അറിയിച്ചു.