ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളും ജനകീയ പദ്ധതികളുമാണ് രാജ്യത്തിന്റെ തിലകക്കുറിയായി കേരളത്തെ മാറ്റിയതെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ. സമൂഹത്തിന്റെ വികസന കാര്യങ്ങളിൽ ഒട്ടേറെ മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ള സർക്കാർ നടപ്പാക്കിയിട്ടുള്ള ലൈഫ് മിഷൻ പോലുള്ള ജനകീയ പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്തല ലൈഫ് മിഷന്‍ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വീടില്ലാത്തവർക്ക് വീടെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുക എന്നത് സർക്കാരിന്റെ ഏറ്റവും വലിയ ദൗത്യങ്ങളിൽ ഒന്നാണ്. ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, ചേർത്തല തെക്കു പഞ്ചായത്ത്, മാരാരിക്കുളം വടക്കു പഞ്ചായത്ത്, കടക്കരപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ പൂർത്തിയായ ലൈഫ് ഗുണഭോക്താക്കൾക്കുള്ള വീടുകളുടെ താക്കോൽദാനം എഎം ആരിഫ് എംപി നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 1325 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ 1274 വീടുകൾ പൂർത്തിയാക്കി വലിയ നേട്ടം കൊയ്താണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ച കഞ്ഞിക്കുഴി പഞ്ചായത്തണ്. 325 വീടുകളാണ് പഞ്ചായത്ത് പൂർത്തിയാക്കിയത്. സെന്‍റ് മൈക്കിൾസ് കോളജിൽ നടന്ന സംഗമത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി കെ. എ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ ജെ .ബെന്നി, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പി ഉദയസിംഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. വിജയകുമാരി, ചേർത്തല തെക്ക് പഞ്ചായത്ത് ലീലാമ്മ ആന്റണി, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ് ജ്യോതിസ്, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി രാജു, മാരാരിക്കുളം വടക്കു പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രിയേഷ് കുമാർ തുടങ്ങിവർ പങ്കെടുത്തു.