ആലപ്പുഴ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയിൽ നിർമിച്ച കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം ആലപ്പുഴയിൽ മാരാരിക്കുളത്ത് ജനക്ഷേമം കോളനിയിൽ റവന്യൂ-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ രണ്ടു ദുരിതാശ്വാസ അഭയകേന്ദ്രങ്ങൾ നിര്‍മിക്കുന്നുണ്ട്.
2018ലേയും 2019ലേയും ദുരന്തങ്ങളെ അതിജീവിച്ച നമ്മള്‍ ഇത്തരം കേന്ദ്രങ്ങളുടെ അനിവാര്യത തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിലും ഇത്തരം അഭയകേന്ദ്രങ്ങള്‍ നിലവിലുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി ടി. എം. തോമസ് ഐസക് പറഞ്ഞു. തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍ക്കാര്‍ അഭയ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതെന്നും ദുരന്ത സമയത്ത് ഇത് വളരെ ഉപകരിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
ദുരിതാശ്വാസ അഭയ കേന്ദ്രത്തിന്‍റെ നിർമാണ മേൽനോട്ടം പൊതുമരാമത്ത് വകുപ്പിനാണ്. 2.98 കോടി രൂപയാണ് ചെലവ്. മറ്റ് സമയങ്ങളിൽ കെട്ടിടം അഭയകേന്ദ്രം നടത്തിപ്പ് പരിപാലന കമ്മിറ്റിയുടെ അനുമതിയോടുകൂടി മറ്റു സാമൂഹിക ആവശ്യങ്ങൾക്കായി സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ വാടകയ്ക്കു നൽകുന്ന രീതിയിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്. കേന്ദ്രം നില്‍ക്കുന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ കീഴില്‍ ഷെല്‍ട്ടര്‍ മാനേജ് മെന്‍റ് കമ്മറ്റിയും പ്രവര്‍ത്തിക്കും.