ആലപ്പുഴ: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ചെങ്ങനൂരിലെ താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തില്‍ കിഴക്കൻ വെള്ളത്തിന്‍റെ ഒഴുക്ക് ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി.
ആയിരം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ
ശക്തമായ മഴയും ജലനിരപ്പും ഉയരുന്നതിനാല്‍ പ്രതിരോധ - രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തി. കുട്ടനാട്, മങ്കൊമ്പ്, മിനി സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ മത്സ്യത്തൊഴികളികൾ തമ്പടിച്ചിരിക്കുന്നത്. തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, ചെത്തി, പുന്നപ്ര ഭാഗങ്ങളിൽ നിന്നാണ് ഇവര്‍ എത്തിയത്.
10 മത്സ്യബന്ധന യാനങ്ങള്‍ മാങ്കൊമ്പിലേക്ക്...
നിലവിൽ 10 മത്സ്യബന്ധന യാനങ്ങളാണ് മങ്കൊമ്പിലേക്ക് പുറപ്പെട്ടത്. ആവശ്യമെങ്കിൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ കുട്ടനാട്ടിലേക്കും സർക്കാർ നിർദേശിക്കുന്ന സ്ഥലങ്ങളിലേക്കും രക്ഷാപ്രവർത്തനത്തിന് പോകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളി സംഘടന നേതാക്കൾ അറിയിച്ചു. ഫിഷറീസ് - മത്സ്യഫെഡ് സംയുക്തമായാണ് മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചത്.
ALSO READ: കനത്ത മഴ: ശബരിമലയിലേക്കുള്ള വഴി തിരിച്ചുവിട്ട് പൊതുമരാമത്ത് വകുപ്പ്
ഏത് അടിയന്തര സാഹചര്യത്തിലും ഉണർന്ന് പ്രവർത്തിക്കാൻ സന്നദ്ധമായാണ് രക്ഷാദൗത്യത്തിന് മത്സ്യത്തൊഴിലാളികൾ എത്തിയതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പി.പി ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴയും ജലനിരപ്പും ഉയരുന്നതിനാല്‍ ഞായറാഴ്‌ച മുതല്‍ മത്സ്യത്തൊഴിലാളികള്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലേക്ക് പുറപ്പെട്ടിരുന്നു.