ETV Bharat / state

ഭരണത്തുടർച്ചയ്ക്കും ഭരണം തിരിച്ചു പിടിക്കാനും ആലപ്പുഴ വേണം - നിയമസഭാ തെരഞ്ഞെടുപ്പ് 2021 വാര്‍ത്തകള്‍

ആലപ്പുഴ വലത്തേക്ക് മാറി ചിന്തിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആലപ്പുഴയില്‍ തിളങ്ങി നിന്ന നേതാക്കൾ ആരും ഇത്തവണ മത്സര രംഗത്തില്ല. മൂന്ന് മുന്നണികളും പ്രാമുഖ്യം നല്‍കുന്നത് പുതുമുഖങ്ങൾക്ക്.

alappuzha district election analysis  kerala assembly election news  kerala assembly election 2021 news  alappuzha district news  ആലപ്പുഴ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ആലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പ്  നിയമസഭാ തെരഞ്ഞെടുപ്പ് 2021 വാര്‍ത്തകള്‍  കേരളം നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്ത
ഭരണത്തുടർച്ചയ്ക്കും ഭരണം തിരിച്ചു പിടിക്കാനും ആലപ്പുഴ വേണം
author img

By

Published : Mar 27, 2021, 12:58 PM IST

Updated : Mar 28, 2021, 12:00 PM IST

ജാതിമത വ്യത്യാസങ്ങളും ജന്മിത്ത അടിച്ചമര്‍ത്തലുകളും മറികടന്ന് തൊഴിലാളി വര്‍ഗം സംഘടിച്ച നാട്. പുന്ന്രപയിലും വയലാറിലും വാരിക്കുന്തവുമായി തൊഴിലാളി പ്രസ്ഥാനം ഭരണകൂടത്തിന് എതിരെ പോരടിച്ച മണ്ണ്. ആലപ്പുഴയുടെ രാഷ്ട്രീയ ചരിത്രത്തിന് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോളം പഴക്കവും തഴക്കവുമുണ്ട്. കാലത്തിന്‍റെ കുത്തൊഴുക്കില്‍ രാഷ്ട്രീയ മനസ് മാറിയും മറിഞ്ഞും ചിന്തിക്കുമ്പോഴും കായലും കടലും ഇടകലരുന്ന ആലപ്പുഴയുടെ മനസ് ഇടയ്ക്കെല്ലാം ഇടതിനൊപ്പം ചേർന്നു നില്‍ക്കാറുണ്ട്.

ശബരിമലയും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവുമെല്ലാം ഇളക്കിമറിച്ച 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി തകര്‍ന്നടിഞ്ഞപ്പോഴും ആലപ്പുഴ കേരളത്തിന്‍റെ ഇടത് തുരുത്തായി അവശേഷിച്ചു. ഇടത് മുന്നണിയുടെ സമഗ്രാധിപത്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിലും കണ്ടത്. വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ആലപ്പുഴ വലത്തേക്ക് മാറി ചിന്തിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആലപ്പുഴയെ ദേശീയ ശ്രദ്ധയിലേക്ക് നയിച്ചവരും സംസ്ഥാന രാഷ്്ട്രീയത്തില്‍ തിളങ്ങി നിന്നവരുമായ നേതാക്കൾ ആരും ഇത്തവണ ആലപ്പുഴയുടെ മത്സര രംഗത്തില്ല എന്നതാണ് ശ്രദ്ധേയം. മത്സര രംഗത്ത് ഇടതു വലതു മുന്നണികളിലും എൻഡിഎയിലും പുതുമുഖങ്ങൾക്കാണ് പ്രാമുഖ്യം. വിഎസും ഗൗരിയമ്മയും വയലാര്‍ രവിയും വിശ്രമ ജീവിതത്തില്‍. എകെ ആന്‍റണി ഡല്‍ഹി രാഷ്ട്രീയത്തില്‍. പിണറായി സര്‍ക്കാരില്‍ തിളങ്ങി നിന്ന ജി സുധാകരനും തോമസ് ഐസക്കും പാർട്ടി നിർദേശിച്ച രണ്ട് തവണ മാനദണ്ഡത്തെ തുടർന്ന് മത്സരരംഗത്തില്ല.

ഭരണത്തുടർച്ചയ്ക്കും ഭരണം തിരിച്ചു പിടിക്കാനും ആലപ്പുഴ വേണം

2016ല്‍ ഹരിപ്പാട് ഒഴികെയുള്ള ജില്ലയിലെ എട്ട് മണ്ഡലങ്ങളും തൂത്തുവാരിയാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമായി ജില്ലയിലെ യുഡിഎഫ് പ്രാതിനിധ്യം ചുരുങ്ങി. 2018ൽ കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തിന് പിന്നാലെയെത്തിയ ഉപതെരഞ്ഞെടുപ്പില്‍ 20,914 വോട്ടിന്‍റെ ഭൂരിപക്ഷവുമായി സജി ചെറിയാനിലൂടെ ചെങ്ങന്നൂര്‍ നിലനിര്‍ത്താനും എല്‍ഡിഎഫിനായി. 2019ല്‍ കേരളത്തില്‍ നിന്നുള്ള ഏക ഇടത് പ്രതിനിധിയായി എഎം ആരിഫ് ലോക്സഭയിലേക്ക് പോയപ്പോള്‍, ഒഴിവ് വന്ന അരൂര്‍ സീറ്റില്‍ പക്ഷെ ഇടതുമുന്നണിക്ക് പിഴച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരിഫിനോട് തോറ്റ ഷാനിമോള്‍ ഉസ്മാന്‍ 2,137 വോട്ടിന് ജയിച്ച് ജില്ലയിലെ രണ്ടാമത്തെ യുഡിഎഫ് എംഎല്‍എയായി. തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയില്‍ എല്‍ഡിഎഫ് തരംഗം ആഞ്ഞടിച്ചു. ജില്ല പഞ്ചായത്തില്‍ 23ല്‍ 21സീറ്റുകളും സ്വന്തമാക്കി എല്‍ഡിഎഫ് അധികാരത്തിലേറി. രണ്ട് സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്. 72 ഗ്രാമപഞ്ചായത്തുകളില്‍ 50 ഉം എല്‍ഡിഎഫ് നേടിയപ്പോള്‍ 19 ഇടത്ത് മാത്രമായി യുഡിഎഫ് ചുരുങ്ങി. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ എന്‍ഡിഎയും വിജയം നേടി. നഗരസഭകളില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ആയെന്നത് മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് നേട്ടം. ആറ് നഗരസഭകളില്‍ മൂന്ന് എണ്ണം വീതം ഇരുമുന്നണികളും നേടി. ബ്ലോക്ക് പഞ്ചായത്തുകളില്‍ പക്ഷെ യുഡിഎഫിന് നിലം തൊടാനായില്ല. 12 ഇടത്തും വിജയം എല്‍ഡിഎഫിന്. നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം കണക്ക് കൂട്ടിയാലും മുന്‍തൂക്കം ഇടതുമുന്നണിക്ക് തന്നെ. ചെന്നിത്തലയുടെ ഹരിപ്പാട്ടും എന്‍സിപി മത്സരിക്കുന്ന കുട്ടനാട്ടിലും ഒഴിച്ച് എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വലിയ മുന്നേറ്റം. കുട്ടനാട്ടില്‍ എഴ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ അഞ്ച് ഇടത്ത് യുഡിഎഫും മുന്നിലാണ്. യുഡിഎഫ് സിറ്റിംഗ് എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുന്ന അരൂരിലും, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് മൃഗീയ ഭൂരിപക്ഷം.

ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ഉറച്ച വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ജില്ലയുടെ സ്വാഭാവികമായ ഇടത് ചായ്‌വും പിണറായി സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിലെ മൃഗീയാധിപത്യവും എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. കിറ്റും ക്ഷേമപെന്‍ഷനുകളടക്കമുള്ള ജനകീയ പദ്ധതികള്‍, 42 വര്‍ഷത്തിന് ശേഷം ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമാക്കാനായത്, ദേശീയപാതാ വികസനം, മൊബിലിറ്റി ഹബ്, കുട്ടനാട് പാക്കേജ്, കനാല്‍ നവീകരണങ്ങള്‍, കശുവണ്ടി, കയര്‍ മേഖലകളുടെ നവീകരണത്തിനായുള്ള പദ്ധതികള്‍ തുടങ്ങിയവ വോട്ടാക്കി മാറ്റാനാകുമെന്നതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. പക്ഷേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യം തന്നെയാണ് യുഡിഎഫിന് ജില്ലയില്‍ നല്‍കുന്ന ആത്മവിശ്വാസം. അരൂർ തിരിച്ചുപിടിച്ചതും കായംകുളം അടക്കമുള്ള മണ്ഡലങ്ങളില്‍ മികച്ച യുവ സ്ഥാനാർഥികൾ മത്സരിക്കുന്നതും ജില്ലയില്‍ യുഡിഎഫിന് വലിയ വിജയപ്രതീക്ഷ നല്‍കുന്നു. തീരദേശ ജില്ലയില്‍ ആഴക്കടല്‍ മത്സ്യബന്ധനവിവാദം ആളിക്കത്തിക്കുകയാണ് യുഡിഎഫ്. കാലങ്ങളായി തുടരുന്ന നെല്‍കര്‍ഷക പ്രശ്നങ്ങളും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പരാജയവും സര്‍ക്കാരിനെതിരായ ആയുധങ്ങളാക്കിയാണ് പ്രചാരണം. നാമമാത്രമായ സാന്നിധ്യം മാത്രമാണുള്ളതെങ്കിലും കൂടുതല്‍ വോട്ടുകള്‍ നേടി ശക്തി തെളിയിക്കാനാണ് ബിജെപി ശ്രമം. ബിഡിജെഎസ് വോട്ടുകളാണ് എൻഡിഎയ്ക്ക് പ്രതീക്ഷ പകരുന്നത്.

ജി സുധാകരനും തോമസ് ഐസക്കുമില്ലാതെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. സിറ്റിംഗ് എംഎല്‍എമാരില്‍ സജി ചെറിയാനും യു പ്രതിഭയും മാത്രമാണ് വീണ്ടും മത്സരത്തിനെത്തുന്നത്. മികച്ച പ്രതിച്ഛായ തന്നെയാണ് ഇരുവര്‍ക്കും ഗുണമായത്. ബിജെപി നേതാവ് ബാലശങ്കറിന്‍റെ "ഡീല്‍" ആരോപണത്തെത്തുടര്‍ന്ന് ശ്രദ്ധാ കേന്ദ്രമായ ചെങ്ങന്നൂരില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ എംവി ഗോപകുമാറാണ് എന്‍ഡിഎയ്ക്കായി മത്സരിക്കുന്നത്. എം മുരളിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പ്രാദേശിക നേതൃത്വത്തിന്‍റെ കടുത്ത എതിര്‍പ്പ് പരിഗണിക്കാതെയാണ് അഡ്വ യു പ്രതിഭയെ സിപിഎം കായംകുളത്ത് വീണ്ടുമിറക്കുന്നത്. പ്രതിഭയ്‌ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത് യുഡിഎഫിന്‍റെ "സ്റ്റാര്‍ കാന്‍ഡിഡേറ്റ്" എന്ന് മുല്ലപ്പള്ളി വിശേഷിപ്പിച്ച അരിത ബാബുവാണ്. 27ാം വയസില്‍ യുഡിഎഫിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന വിശേഷണവുമായി അരിതയെത്തുന്നത്. അമ്പലപ്പുഴയില്‍ ഹാട്രിക് വിജയം നേടിയ മന്ത്രി ജി സുധാകരന് പകരം എച്ച് സലാമാണ് കന്നിയങ്കത്തിനെത്തുന്നത്. സിപിഎം ജില്ലാ കമ്മറ്റിയംഗവും സിഐടിയു നേതാവുമായ സലാമിന് മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധങ്ങളുണ്ട്. ഇത് തന്നെയാണ് സുധാകരന് പകരക്കാരനാകാന്‍ സലാമിനെ തെരഞ്ഞെടുക്കാന്‍ കാരണവും. അമ്പലപ്പുഴയില്‍ രണ്ടാമങ്കത്തിനിറങ്ങുന്ന ഡിസിസി അധ്യക്ഷന്‍ എം ലിജുവിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ദേശീയ തലത്തില്‍ ശ്രദ്ദേയനായ യുവനേതാവ് അനൂപ് ആന്‍റണിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

30 വര്‍ഷത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന പരിചയവും മത്സ്യത്തൊഴിലാളി സംഘടനാ നേതാവെന്ന ഇമേജും വോട്ടാക്കാനുറച്ചാണ് ആലപ്പുഴയില്‍ പിപി ചിത്തരഞ്ജന്‍ ഇടത് സ്ഥാനാര്‍ഥിയായെത്തുന്നത്. തോമസ് ഐസക്കിന്‍റെ മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നില്ല. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ചിത്തരഞ്ജന്‍റെ സാന്നിധ്യം സഹായിക്കുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. 2004ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിഎം സുധീരനെ അട്ടിമറിച്ച ഡോ കെഎസ് മനോജാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പിന്നീട് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്കെത്തിയ മനോജിന് ലത്തീന്‍ സമുദായ അംഗം എന്ന പരിഗണനയും ലഭിച്ചു. തീരമേഖലയില്‍ ആനുകൂല തരംഗമുണ്ടായാല്‍ കെസി വേണുഗോപാലിന്‍റെ കുത്തകയായിരുന്ന മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. മാധ്യമപ്രവര്‍ത്തകനായിരുന്ന തീപ്പൊരി നേതാവ് സന്ദീപ് വാചസ്പതിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയും തീവ്ര പരാമര്‍ശങ്ങളുമായി സന്ദീപ് വിവാദനായകനായി മാറിക്കഴിഞ്ഞു. മൂന്ന് തവണയായി മന്ത്രി പി.തിലോത്തമന്‍ വിജയിക്കുന്ന കുത്തക മണ്ഡലം, ചേര്‍ത്തലയില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദിനെയാണ് എല്‍ഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. വികസനനേട്ടങ്ങള്‍ ഉയര്‍ത്തിയാണ് പ്രചാരണം. കഴിഞ്ഞ തവണ പി തിലോത്തമന്‍റെ ഭൂരിപക്ഷം കുറച്ച യുവനേതാവ് എസ് ശരത്ത് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ 7,196 വോട്ടുകള്‍ക്കാണ് ശരത്ത് പരാജയപ്പെട്ടത്. മണ്ഡലത്തില്‍ നിറഞ്ഞുനിന്നുള്ള പ്രവര്‍ത്തനം ഇത്തവണ ഗുണകരമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായിരുന്ന അഡ്വ പിഎസ് ജ്യോതിസാണ് ബിഡിജെഎസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. മണ്ഡലത്തിലെ ഈഴവവോട്ടുകളിലാണ് എന്‍ഡിഎ പ്രതീക്ഷ. കായല്‍ കയ്യേറ്റ വിവാദവും പിന്നാലെ തോമസ് ചാണ്ടിയുടെ മരണവുമെല്ലാം കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. സഹതാപ തരംഗം പ്രയോജനപ്പെടുത്താന്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെയാണ് എന്‍സിപി സീറ്റില്‍ ഇടതുമുന്നണി രംഗത്തിറക്കുന്നത്. എന്‍സിപി പിളര്‍പ്പിനിടയിലും ഇടതുപക്ഷത്ത് അടിയുറച്ച് നിന്നതും തോമസ് കെ തോമസിന് ഗുണകരമായി. കായല്‍ കയ്യേറ്റ വിവാദം, കുട്ടനാട്ടിലെ കര്‍ഷക പ്രശ്നങ്ങള്‍, തുടങ്ങിയവ ചര്‍ച്ചാ വിഷയമാക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.ജേക്കബ് എബ്രഹാം.

വലത്തോട്ടും ഇടത്തോട്ടും ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന മണ്ഡലമാണ് മാവേലിക്കര. കഴിഞ്ഞ രണ്ട് തവണയും എല്‍ഡിഎഫ് വിജയിച്ച മണ്ഡലം മുമ്പ് നാല് തവണയും യുഡിഎഫിനെയാണ് പിന്തുണച്ചത്. ആര്‍ രാജേഷിന് ശേഷവും മണ്ഡലത്തില്‍ ഇടത് തുടര്‍ച്ച ഉറപ്പാക്കാന്‍ കൂലിപ്പണിക്ക് പോയി കുടുംബം പുലര്‍ത്തിയ ജീവിത കഥയുമായി യുവനേതാവ് എംഎസ് അരുണ്‍ കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കൈ നിലനിര്‍ത്താന്‍ പരിചയ സമ്പന്നനായ കെകെ ഷാജുവിനെ യുഡിഎഫ് രംഗത്തിറക്കുന്നു. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാന്നിധ്യമുള്ള ബിജെപിയും പ്രതീക്ഷയിലാണ്. ഇടത് പാളയത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കെ.സഞ്ചുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം കൂടിയതും എന്‍ഡിഎ പാളയത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അരൂരിലെ പെണ്‍പോരാട്ടവും ശ്രദ്ധേയമാകുകയാണ്. 2001ല്‍ കെആര്‍ ഗൗരിയമ്മയ്ക്ക് ശേഷം 2019ല്‍ ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനിലൂടെയാണ് യുഡിഎഫ് അരൂര്‍ പിടിച്ചെടുത്തത്. മണ്ഡലം നിലനിര്‍ത്താന്‍ സിറ്റിംഗ് എംഎല്‍എയെ തന്നെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. കവിയും പിന്നണി ഗായികയുമൊക്കെയായ ദലീമ ജോജോയാണ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മൃഗീയ ഭൂരിപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ബിഡിജെഎസ് സീറ്റില്‍ അനിയപ്പനാണ് എന്‍ഡിഎക്കായി കളത്തിലിറങ്ങിയിരിക്കുന്നത്.

അമ്മയെപ്പോലെയെന്നാണ് ഹരിപ്പാട് മണ്ഡലത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. കേരളത്തിന്‍റെ മുഖ്യമന്ത്രി പദം വരെ നടന്നുകയറാന്‍ സാധ്യതയുള്ള മണ്ഡലം എന്ന നിലയില്‍ ഹരിപ്പാടുകാരെ പൂര്‍ണവിശ്വാസത്തിലെടുത്താണ് യുഡിഎഫ് പ്രചാരണം. ഇടത് മുന്നണിയ്ക്കായി സിപിഐയിലെ യുവനേതാവ് ആര്‍ സജിലാലാണ് മത്സരരംഗത്ത്. 2016ല്‍ വോട്ടുമറിച്ചെന്ന് ആരോപണമുയര്‍ന്ന മണ്ഡലത്തില്‍ ബിജെപി ദക്ഷിണമേഖലാ പ്രസിഡന്‍റ് കെ സോമനാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്നത്.

ഭരണത്തുടർച്ച ഉറപ്പിക്കാൻ ഇടതുമുന്നണിക്ക് കോട്ടകൾ കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ജനവിധിയിൽ, വിജയത്തിൽ കുറച്ചൊന്നും യുഡിഎഫിന് ചിന്തിക്കാനില്ല. ഇടത് കോട്ടകളിൽ വീഴുന്ന ഓരോ വോട്ടും കേരളത്തിലെ അധികാര രാഷ്ട്രീയത്തിന്‍റെ മുഖ്യധാരയിലേക്കുള്ള ചവിട്ട് പടിയായി കാണുന്ന ബിജെപിക്കും ആലപ്പുഴ നിർണായകമാണ്.

Last Updated : Mar 28, 2021, 12:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.