ആലപ്പുഴ : കായംകുളത്തെ സിപിഎമ്മില്‍ എംഎല്‍എ-ഏരിയ കമ്മിറ്റി പോര് ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും മുറുകുന്നു. പാര്‍ട്ടി നേതാക്കളെ ഉന്നംവച്ചുള്ള എംഎല്‍എ അഡ്വ.യു.പ്രതിഭയുടെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റാണ് വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും തന്‍റെ മണ്ഡലത്തിലേത് വിഷയമായില്ലെന്നും ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നത് കായംകുളത്താണെന്നും ഫേസ്‌ബുക്കില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.
നേരത്തെ എംഎൽഎയുമായുള്ള പ്രശ്‌നങ്ങളുടെ പേരിൽ ഡിവൈഎഫ്ഐ ജില്ല ഉപഭാരവാഹികൾ ഉൾപ്പടെയുള്ളവരും കായംകുളം ബ്ലോക്ക് കമ്മിറ്റിയും ഒന്നടങ്കം രാജി വെയ്ക്കുന്ന സ്ഥിതിയുണ്ടായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സിപിഎം സംസ്ഥാന - ജില്ലാ നേതൃത്വങ്ങൾ ഇടപെട്ട് അവ പറഞ്ഞ് ഒത്തുതീർപ്പാക്കി. എന്നാൽ വീണ്ടും എംഎൽഎയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പോസ്റ്റുകളുണ്ടായത് പാർട്ടി പ്രവർത്തകർക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
2001 മുതല്‍ പാര്‍ട്ടിയില്‍ പൂര്‍ണ അംഗമാണെന്നും അങ്ങനെയുള്ള തനിക്ക് എന്നും പാര്‍ട്ടിയോട് മാത്രമാണ് സ്‌നേഹമെന്നും എംഎല്‍എ പോസ്റ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും താൻ അപ്രിയയായ സ്ഥാനാർഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നതിനാലാണ് അഭിമാനകരമായി കായംകുളത്ത് ജയിക്കാൻ കഴിഞ്ഞത്.
തന്നെ ബോധപൂർവമായി തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്‌പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റിയിൽ വന്നത് ദുരൂഹമാണ്. കുതന്ത്രം മെനയുന്ന നേതാക്കന്മാരേ നിങ്ങൾ ചവറ്റുകുട്ടയിലാകുന്ന കാലം വിദൂരമല്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
Also Read: ആലപ്പുഴയില്‍ സിപിഎം ജില്ലാസെക്രട്ടറിയായി ആർ നാസർ തുടരും; യു പ്രതിഭ ജില്ല കമ്മിറ്റിയിലില്ല
ഒരാഴ്‌ച മുമ്പ് കണിച്ചുകുളങ്ങരയിൽ നടന്ന സിപിഎം ജില്ല സമ്മേളനത്തിൽ എംഎൽഎയെ ജില്ല കമ്മിറ്റി അംഗമായി ഉൾപ്പെടുത്തുമെന്ന് കരുതിയിരുന്നെങ്കിലും പാനലിൽ എംഎൽഎയുടെ പേരില്ലാഞ്ഞതും ജില്ല കമ്മിറ്റിയിൽ എടുക്കാഞ്ഞതുമാണ് ഇപ്പോഴത്തെ പരസ്യ പ്രതികരണത്തിന് പിന്നിലെന്നാണ് സൂചന.