ആലപ്പുഴ: കാട്ടൂരിലെ പുലിമുട്ട് നിര്‍മാണം ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് ഉദ്‌ഘാടനംചെയ്‌തു. 200 കോടിയുടെ പ്രവൃത്തിയാണ് ഇവിടെ തുടങ്ങിയത്. സർക്കാരിന്‍റ് നൂറുദിന കർമപരിപാടിയിലാണ് പുലിമുട്ട് നിർമാണം. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലായി പുലിമുട്ട് നിർമിക്കാൻ കിഫ്ബിയിൽനിന്ന് 184. 04 കോടിരൂപ അനുവദിച്ചു. 18 മാസമാണ് നിർമാണ കാലാവധി.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്‍റ് കോർപറേഷനാണ് നിർമാണ ചുമതല. ചെന്നൈ ഐഐടിയിൽ നിന്നുള്ള ഡിസൈനിലാണ് നിർമാണം. കാട്ടൂരിൽ 3.16 കിലോമീറ്ററിൽ 34 പുലിമുട്ടും അമ്പലപ്പുഴയിൽ 5.40 കിലോമീറ്ററിൽ 30 ഉം 345 മീറ്ററിൽ കടൽഭിത്തിയും നിർമിക്കും. പതിയാങ്കരയിൽ–-13, ആറാട്ടുപുഴയിൽ–21, വട്ടച്ചാലിൽ–16 പുലിമുട്ടും നിർമിക്കും. പദ്ധതി 150 കുടുംബത്തിന് പ്രത്യക്ഷത്തിലും 600 കുടുംബത്തിന് പരോക്ഷമായും പ്രയോജനം ലഭിക്കും. എ.എം ആരിഫ് എം.പി, ഷീന സനൽകുമാർ, കെ.ടി മാത്യു, ഇന്ദിരാ തിലകൻ, ജയൻ തോമസ്, കെ.എ സോഫിയ, കുഞ്ഞുമോൾ ഷാജി, സിബിൽ റോസ്, എന്നിവർ സംസാരിച്ചു.