ആലപ്പുഴ: ഇന്നലെ അന്തരിച്ച (10-10-2023) ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവായ കാര്‍ത്യായനിയമ്മയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്‌ച നടത്തുമെന്ന് എഡിഎംഎസ് സന്തോഷ് കുമാര്‍ അറിയിച്ചു. (Karthyayaniamma's Cremation Will Be Held With Official Honors) ജില്ല ഭരണകൂടത്തിനുവേണ്ടി എഡിഎം കാര്‍ത്യായനിയമ്മയുടെ വസതിയിലെത്തി പുഷ്‌പചക്രം അര്‍പ്പിച്ചു.
ചെങ്ങന്നൂര്‍ ആര്‍ഡിഒ എസ് സുമ, ഡെപ്യൂട്ടി തഹസില്‍ദാര്‍ മൂസ്സത് എന്നിവരും സന്നിഹിതരായിരുന്നു. ഒന്നാം പിണറായി സർക്കാർ സാക്ഷരത മിഷൻ വഴി നടപ്പിലാക്കിയ അക്ഷരലക്ഷം പദ്ധതി വഴി 96ാം വയസിൽ ഒന്നാം റാങ്ക് ജേതാവായിരുന്നു കാർത്യായനിയമ്മ. 101 വയസ് തികഞ്ഞ കാർത്യായനിയമ്മ ഇന്നലെ വൈകിട്ട് ഹരിപ്പാട് ചേപ്പാടുള്ള വീട്ടിൽ വച്ചാണ് അന്തരിച്ചത്.
റാങ്ക് ജേതാവായതിന് പിന്നാലെ 53 അംഗ രാജ്യങ്ങളിൽ വിദൂര വിദ്യാഭ്യാസത്തിന്‍റെ പ്രചാരണത്തിനായുള്ള കോമൺ ലേണിങ് ഗുഡ് വില്ലിന്‍റെ അംബാസഡറായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ വനിത ദിനത്തിൽ രാജ്യം നാരീശക്തി പുരസ്‌കാരം നൽകി ആദരിച്ചു. 'അക്ഷര മുത്തശ്ശി' എന്നായിരുന്നു കേരളം സ്‌നേഹപൂർവം കാർത്യായനിയമ്മയെ വിളിച്ചിരുന്നത്.
ആദ്യ ശ്രമത്തിലൂടെ തന്നെ 40,000 ത്തോളം പേരെ പിന്നിലാക്കി 98 ശതമാനം മാർക്ക് വാങ്ങിയാണ് കാർത്യായനിയമ്മ റാങ്ക് ജേതാവായത്. പഠന കാലത്ത് ഊണും ഉറക്കവും ഉപേക്ഷിച്ചാണ് മൂന്നാം ക്ലാസ് തുല്യത പരീക്ഷയിൽ റാങ്ക് നേടിയത്. പത്താം ക്ലാസ് പാസാകണമെന്നും കമ്പ്യൂട്ടർ വിജ്ഞാനം നേടണമെന്നുമുള്ള ആഗ്രഹം ബാക്കിയാക്കിയാണ് അവരുടെ വിയോഗം.
നാലാം തരം തുല്യത ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെയാണ് നാരീശക്തി പുരസ്‌കാരം ലഭിച്ചത്. പഠനം പൂർത്തിയാക്കി ജോലി നേടണമെന്ന് കാർത്യായനിയമ്മ ആഗ്രഹം പങ്കുവച്ചിരുന്നു. കമ്പ്യൂട്ടർ പഠനം ആഗ്രഹിച്ചിരുന്ന കാർത്യായനിയമ്മയ്‌ക്ക് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ലാപ്‌ടോപ് സമ്മാനിച്ചിരുന്നു. കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുൾപ്പടെയുള്ള പ്രമുഖർ അനുശോചിച്ചു.
സംസ്‌കാരം വ്യാഴാഴ്‌ച 11 മണിക്ക് ആലപ്പുഴ ചേപ്പാടുള്ള വീട്ടുവളപ്പിൽ നടക്കും. ചേപ്പാട് പഞ്ചായത്ത് അധികൃതര്‍ നേതൃത്വം നല്‍കും.