ആലപ്പുഴ : കേരളത്തിൽ ഭീകരവാദം വളർത്തുന്നത് മതേതര പാർട്ടികളും സെക്കുലറിസം പറയുന്ന രാഷ്ട്രീയ കക്ഷികളും ഇടതുപക്ഷ പാർട്ടികളുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. ആലപ്പുഴയിൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതഭീകരവാദത്തിനെതിരെ കേരളത്തിൽ ആരെങ്കിലും ശബ്ദിച്ചാൽ അവനെ ഒറ്റപ്പെടുത്തുക എന്ന സമീപനമാണ് മതേതര പാർട്ടികൾ സ്വീകരിക്കുന്നത്. ഇന്ന് കാണുന്ന ഈ വിപത്തിന്‍റെ മുഖ്യ ഉത്തരവാദി കേരളത്തിലെ സെക്കുലറിസം പറയുന്ന പാർട്ടികളാണ്. അവർക്ക് വളരാനുള്ള മണ്ണും വളവും ഒരുക്കികൊടുക്കുന്നത് മതേതര പാർട്ടികളാണ്.
ഇരവാദം ഇവിടെ പ്രചരിപ്പിക്കുന്നത് മതഭീകരവാദ ശക്തികളേക്കാൾ കൂടുതൽ മതേതര പാർട്ടികളും ഇടതുപക്ഷ പാർട്ടികളുമാണെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ: സിപിഎമ്മിലേക്ക് വരുന്നവർക്കെതിരെ വർഗീയ ചാപ്പ കുത്താൻ നീക്കമെന്ന് കോടിയേരി ബാലകൃഷ്ണൻ
ഇന്ത്യയിൽ ഒരു മതസമൂഹം വേട്ടയാടപ്പെടുകയാണ്, രണ്ടാംകിട പൗരന്മാരായി മാറ്റപ്പെടുകയാണ്, ഇരകളാക്കപ്പെടുകയാണ് എന്നൊക്കെയുള്ള ഇരവാദം കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ മനസിൽ ഊട്ടിയുറപ്പിക്കുന്നതിനാവശ്യമായ കുപ്രചാരണങ്ങളാണ് കേരളത്തിൽ മതേതര പാർട്ടികൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
രാജ്യവിരുദ്ധതയും ദേശവിരുദ്ധതയും ഇന്ത്യക്കെതിരായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വലിയൊരു തലമുറയെ ആസൂത്രിതമായി കേരളത്തിൽ വളർത്തിക്കൊണ്ട് വരികയാണ്. അവരാണ് ഈ നാടിന്‍റെ ജനാധിപത്യത്തിന്‍റെ ശത്രുവായി നാളെ എല്ലാവർക്കുമെതിരെ തിരിയാൻ പോകുന്നത്.
സജിത്തും നന്ദുവും രഞ്ജിത്ത് ശ്രീനിവാസനും ഒക്കെ ഇതിന്‍റെ ആദ്യത്തെ ഇരകളാണെന്നും ലോകത്തെല്ലായിടത്തും മതഭീകരവാദികൾ ഇങ്ങനെയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.