ആലപ്പുഴ: ഭാരതത്തിന്‍റെ മഹത്തായ ഭരണഘടനയെയും ഫെഡറൽ മൂല്യങ്ങളെയും താൽക്കാലിക നേട്ടങ്ങൾക്കായി ദുർബലപ്പെടുത്തുന്നതിനെ ചെറുക്കേണ്ടതുണ്ടെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി ജി.സുധാകരൻ. 73-ാമത് സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായി പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല ആഘോഷത്തിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ ട്രൂപ്പുകളുടെ സ്വാതന്ത്ര്യദിനപരേഡ് പരിശോധിച്ച മന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. പൊലീസിന്‍റെയും എക്സൈസിന്‍റെയും എൻ .സി.സി., സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സ്, സ്‌കൗട്ട്സ്, ഗൈഡ്സ്, റെഡ് ക്രോസ്, കബ്സ്, ബുൾബുൾ എന്നിവയുടെയുമായി 32 പ്ലാറ്റൂണുകളും 10 ബാൻഡ് ട്രൂപ്പുകളും പരേഡിൽ പങ്കെടുത്തു. പരേഡ് കമാൻഡർ സുധിലാലിന്‍റെ നേതൃത്വത്തിലാണ് പരേഡ് നടന്നത്. മികച്ച ട്രൂപ്പുകൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.