ആലപ്പുഴ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളെന്ന് യു.പ്രതിഭ എംഎൽഎ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം തന്നെ പുതിയ സാങ്കേതിക വിദ്യകൾ കുട്ടികൾക്കായി വിദ്യാലയങ്ങളിൽ ഒരുക്കാനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താൻ അധ്യാപകർക്കും വിദ്യാർഥികൾക്കും കഴിയണം. വിദ്യാർത്ഥികൾ നന്മയുടെ പ്രചാരകരാവണമെന്നും വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം അതാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
കായംകുളം മണ്ഡലത്തെ സമ്പൂർണ ഹൈടെക് വിദ്യാലയ മണ്ഡലമായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എംഎല്‍എ. 124 വിദ്യാലയങ്ങളിലാണ് ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 730 ലാപ്ടോപ്പുകള്‍ 417 പ്രൊജക്ടറുകള്‍ 598 സ്പീക്കറുകള്‍, 29 ടെലിവിഷനുകള്‍, 35 എച്ച്.ഡി വെബ്സൈറ്റ് ക്യാമറകള്‍, 35 മള്‍ട്ടിഫങ്ഷന്‍ ക്യാമറകള്‍, ഇന്‍റര്‍നെറ്റ് എന്നീ സംവിധാനങ്ങളാണ് സ്കൂളുകളിൽ സജ്ജമാക്കിയിട്ടുള്ളത്.