ആലപ്പുഴ : കാലവര്‍ഷത്തെ തുടര്‍ന്നുള്ള ശക്തമായ കാറ്റിലും മഴയിലും കുട്ടനാട്ടില്‍ വ്യാപക നാശനഷ്‌ടം. നിരവധി മരങ്ങള്‍ കടപുഴകി വീണു. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മുപ്പതിൽചിറ വിലാസിനി, രാഗിണി മംഗളാനന്ദൻ എന്നിവരുടെ വീടുകളാണ് തകർന്നത്.
അതേസമയം മേഖലയിലെ വിലാസിനിയുടെ ഷീറ്റ് മേഞ്ഞ വീടിന്‍റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. കാര്‍ഷിക മേഖലയിലും വ്യാപകമായ നാശനഷ്‌ടങ്ങളാണുണ്ടായത്. ഓണക്കാലം ലക്ഷ്യമിട്ട് ചെയ്ത വാഴയും പച്ചക്കറി കൃഷികളും പൂര്‍ണമായും നശിച്ചു.
കുട്ടനാട് നാലാം വാര്‍ഡ് സ്വദേശികളായ ഇന്ദിര, സജി എന്നിവരുടെ വാഴകൃഷിയാണ് നിലം പൊത്തിയത്. കാലവര്‍ഷമെത്തിയതോടെ ഭീതിയോടെയാണ് മേഖലയില്‍ പലരും കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. തലവടി പഞ്ചായത്തിലാണ് കൂടുതല്‍ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
also read:സംസ്ഥാനത്ത് കനത്ത മഴ തുടരും; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
മരങ്ങൾ വീണ് പലയിടത്തും വൈദ്യുതവിതരണം തടസപ്പെട്ടിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ടെന്നും തകരാറുകൾ പരിഹരിച്ച് വരുന്നതായും കെഎസ്ഇബി അറിയിച്ചു.
മഴ കനക്കുകയാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുമെന്നാണ് റവന്യൂ അധികൃതരിൽ നിന്ന് ലഭ്യമായ വിവരം.