ആലപ്പുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലും സ്‌കൂളുകളിലും ഹാൻഡ് ഫ്രീ സാനിറ്റൈസർ മെഷീനുകൾ വിതരണം ചെയ്യുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 82 സ്‌കൂളുകളിലും ബ്ലോക്ക് പഞ്ചായത്തിന്‍റെ വിവിധ സ്ഥാപനങ്ങളിലുമാണ് ഹാൻഡ് ഫ്രീ സാനിറ്റൈസർ ഡിസ്‌പെൻസർ മെഷീനുകൾ നൽകുന്നത്.
മെഷീന്‍റെ വിതരണോദ്ഘാടനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ ആനന്ദൻ നിർവ്വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി ശ്രീകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദു സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അംബുജാക്ഷി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷംസുദ്ദീൻ കായിപ്പുറം, ഷൈമോൾ നന്ദകുമാർ, ബി. വേണുപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.