ആലപ്പുഴ : പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ അധിക ധാന്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയച്ചിട്ടുണ്ട്. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറിലായ റേഷൻ കടകൾക്ക് മാന്വല്‍ ആയി റേഷൻ നൽകാമെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പിലുള്ളവർക്ക് ആവശ്യമായ എല്ലാ പരിചരണങ്ങളും ലഭിക്കുന്നുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് സുരക്ഷയും സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്യാമ്പുകളിൽ കഴിയുന്നവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ മന്ത്രി ആവശ്യമായ മുഴുവൻ സംവിധാനങ്ങളും ഒരുക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.