ആലപ്പുഴ : രണ്ടരലക്ഷം കോടി മുടക്കി സില്‍വര്‍ ലൈന്‍ ഉണ്ടാക്കാന്‍ പോകുന്ന നാട്ടില്‍ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ അവസരമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. വേനൽമഴയിൽ കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടില്‍ സഞ്ചരിക്കാന്‍ റോഡുകള്‍ പോലുമില്ല. റീബില്‍ഡ് കേരളയില്‍ പോലും കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ല. പാവപ്പെട്ടവരുടെ കഷ്‌ടപ്പാടുകള്‍ നീക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് അധികാരത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകനെ സഹായിക്കാന്‍ സര്‍ക്കാരിന് പണമില്ല. കെ-റെയിലിന് പണം ഉണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ ബൂര്‍ഷ്വാസികളുടെ പ്രതിനിധിയാണോയെന്നും സുധാകരൻ ചോദിച്ചു. സര്‍ക്കാര്‍ കര്‍ഷകരെ ചതിക്കുകയാണെന്നും അതുനിര്‍ത്തി കര്‍ഷകരുടെ ക്ഷേമത്തിന് തയാറാകണമെന്നും കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിനൊപ്പമായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ സന്ദർശനം. ഡിസിസി പ്രസിഡന്‍റ് ഡി. ബാബുപ്രസാദ്, കെപിസിസി - ഡിസിസി ഭാരവാഹികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.