ആലപ്പുഴ: ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതമൂല്യങ്ങളും വിഷയമാക്കി ജനുവരി 23ന് ആലപ്പുഴ സിവില്‍ സ്റ്റേഷനില്‍ ചിത്രപ്രദര്‍ശനം നടത്തും. ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 മുതല്‍ 151-ാം ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 2 വരെ 'ഗാന്ധിസ്മൃതി -2020' എന്ന പേരിൽ ജില്ലയിലുടനീളം നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രദർശനം.
ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ചിത്രപ്രദര്‍ശനം രാവിലെ 10.30ന് ജില്ല കലക്ടര്‍ എം. അഞ്ജന ഉദ്ഘാടനം ചെയ്യും. 27 മുതല്‍ 29 വരെ തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ വായനശാലകളില്‍ ഗാന്ധിയുടെ ജീവിതവും ഇന്ത്യ വിഭജന കാലത്തെ ദുരിതങ്ങളും വിഷയമായ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം. 30ന് മാനവ സൗഹൃദ റാലിയും സംഗമവും നടക്കും.
ഗാന്ധിജിയുടെ ജീവിതവും സന്ദേശവും സമരമാര്‍ഗവും സമൂഹത്തിലേക്ക് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിവിധ വായനശാലകളില്‍ സെമിനാറുകള്‍ നടത്തും. സ്‌കൂളുകളില്‍ ഗാന്ധി അനുസ്മരണവും, ഭരണഘടന ആമുഖവും വായിക്കും. 'നിലയ്ക്കാത്ത രാംധുന്‍' എന്ന പേരില്‍ ഗാന്ധിജിയുടെ ജീവിതത്തിലെ സംഘര്‍ഷഭരിതമായ അവസാന മൂന്ന് വര്‍ഷങ്ങളിലെ സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള സ്റ്റേജ് ഷോയും അരങ്ങേറും.