ആലപ്പുഴ: കൊവിഡ് ഭീഷണിയെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രത നിലനിൽക്കെ കനത്ത ജാഗ്രതയിൽ ജില്ലയിലെ പള്ളികളിൽ വെള്ളിയാഴ്ച ദിവസത്തെ ജുമുഅഃ നമസ്കാരം. പല പള്ളികളിലും പൊതുവിൽ ആളുകൾ കുറവായിരുന്നു. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്തെ പല പള്ളികളും ജുമുഅ നമസ്കാരം തന്നെ ഒഴിവാക്കിയിരുന്നു. മുതിർന്നവർ, കുട്ടികൾ, രോഗികൾ, യാത്രക്കാർ തുടങ്ങിയവർക്ക് ജുമുഅ നമസ്കാരത്തിൽ ഇളവുള്ളതായി പുരോഹിതന്മാർ ഇന്നലെയും ഇന്നുമായി ഫത്‌വകൾ പുറപ്പെടുവിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പലരും നമസ്കാരം വീടുകളിൽ തന്നെ നിർവഹിക്കാൻ തയ്യാറായതോടെയാണ് ജുമുഅ നമസ്കാരത്തിന് ആളുകൾ കുറഞ്ഞത്.
ജുമുഅ പ്രസംഗമായ ഖുത്തുബയിൽ പ്രധാനമായും കൊവിഡ് പ്രതിരോധവും പ്രവർത്തങ്ങളും തന്നെയായിരുന്നു പ്രധാന വിഷയം. നമസ്കാരത്തിന് മുമ്പുള്ള അംഗശുദ്ധി വരുത്തുന്ന അനുഷ്ഠാനമായ വുളൂഇന് വേണ്ടി സോപ്പ്, ഹാൻഡ്‌വാഷ്, സാനിറ്റൈസർ എന്നിവയും സജ്ജീകരിച്ചിരുന്നു. ജില്ലയിലെ പ്രധാന പള്ളികളിൽ എല്ലാം തന്നെ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു. ജുമുഅ നമസ്കാരത്തിന്‍റെ ആചാരങ്ങളിലും ലാളിത്യം പാലിച്ചിരുന്നു. നമസ്കാരത്തിന് ശേഷമുള്ള സമൂഹ പ്രാർത്ഥനയും പലപള്ളികളിലും ഒഴിവാക്കാൻ പള്ളി കമ്മിറ്റികളും പണ്ഡിതസഭകളും ചേർന്ന് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ 'ബ്രേക്ക് ദി ചെയിൻ' ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ച് കൊണ്ട് ജില്ലയിലെ ഒട്ടുമിക്ക ആരാധനാലയങ്ങളും ഹാൻഡ് വാഷ് പോയിന്‍റു സജ്ജീകരിച്ചിട്ടുണ്ട്.