ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് എം.എൽ.എ പി.പി ചിത്തരഞ്ജന്‍റെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ്, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.പി സംഗീത, ജി ബിജുമോൻ, സുദർശനാബായ്, ടി.വി അജിത്ത്കുമാർ, പ്രോജക്റ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ എ ഷീജ, എക്സിക്യുട്ടീവ് എഞ്ചിനീയർ സത്യവത്സൻ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അപാകതകളും പരാതികളും പരിഹരിക്കണമെന്ന് എം.എൽ.എ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ALSO READ: കൊടകര കുഴല്‍പ്പണ കേസ്, സുരേഷ് ഗോപിക്കെതിരെയും അന്വേഷണം വേണം:പദ്‌മജ വേണുഗോപാല്‍
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ജലവിഭവം, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരാനും ആർ.ഒ പ്ലാന്‍റുകളുടെ അറ്റകുറ്റപണികൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി ലഭ്യമാക്കാൻ സർക്കാരിനോട് അഭ്യർഥിക്കാനും യോഗത്തിൽ തീരുമാനിച്ചു. ജലജീവൻ പദ്ധതിപ്രകാരം അപേക്ഷ നൽകിയവർക്ക് പുതിയ കണക്ഷൻ എത്രയും വേഗം ലഭ്യമാക്കാനും കിഫ്‌ബി പദ്ധതി പ്രകാരമുള്ള ജലസംഭരണികളുടെ നിർമ്മാണവും അറ്റകുറ്റ പണികളും ഉടൻ പൂർത്തിയാക്കാനും പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന്‍റെ നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ ധാരണയായി. മൂന്ന് മാസത്തിൽ കൂടാതെ ബന്ധപ്പെട്ടവർ യോഗം ചേർന്ന് പദ്ധതികളുടെ പുരോഗതി വിലയിരുത്താനും യോഗത്തിൽ തീരുമാനിച്ചു.