ആലപ്പുഴ: ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ നഗരസഭയ്ക്ക് ഭക്ഷണം എത്തിക്കാൻ കഴിയാത്ത നെഹ്റു ട്രോഫി വാർഡിൽ കൊവിഡ് ബാധിതർക്കും കണ്ടെയ്ൻമെന്‍റ് സോണിൽ താമസിക്കുന്നവർക്കും ആലപ്പുഴ നിയുക്ത എംഎൽഎ പി പി ചിത്തരഞ്ജന്‍റെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. 13കൂട്ടം സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യധാന്യകിറ്റ് വാർഡിലെ 150 കുടുംബങ്ങൾക്കാണ് വിതരണം ചെയ്തത്.
ജനങ്ങളുടെ സഹായത്തോടെ കൺസ്യൂമർഫെഡിൽ നിന്നാണ് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കിയത്. പുന്നമട ഫിനിഷിങ് പോയിന്‍റിൽ നടന്ന ചടങ്ങിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ബോട്ട് നിയുക്ത എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. കൺസ്യൂമർഫെഡ് എംഡി ഡോ. സനൽകുമാർ എസ് കെ, നഗരസഭാ കൗൺസിലർമാരായ കെ കെ ജയമ്മ, ആർ വിനീത, സിപിഐഎം നോർത്ത് ഏരിയ സെക്രട്ടറി വി ബി അശോകൻ എന്നിവർ പങ്കെടുത്തു.
'നാടിനായി നമ്മൾ' എന്ന കൊവിഡ് പ്രതിരോധ ക്യാമ്പയിന്‍റെ ഭാഗമായി മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ഭവനസന്ദർശന പരിപാടികൾ നടത്തികൊണ്ടൊരിക്കുകയാണെന്നും രോഗികൾ എന്ന് കണ്ടെത്തുന്നവരെ ആശുപത്രിയിൽ എത്തിക്കുകയും അവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും പി പി ചിത്തരഞ്ജൻ പറഞ്ഞു.
ഭക്ഷണം, വെള്ളം, മരുന്ന്, അവശ്യ വസ്തുക്കൾ, തുടങ്ങിയവ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യക്കാർക്ക് എത്തിക്കുവാനുള്ള ഫലപ്രദമായ ഇടപെടലുകളാണ് നടന്നുവരുന്നത്. ഒപ്പം എല്ലാ വീടുകളിലും സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്യും. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ടെലിമെഡിസിൻ, കോൾ സെന്‍റർ സംവിധാനവും അതുവഴി സഹായവും എത്തിക്കുന്ന ഇടപെടലുകളും നടത്തി വരുന്നുണ്ട്. ലോക്ക്ഡൗൺ കാലത്തെ മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ ടെലി കൗൺസിലിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.