ആലപ്പുഴ: കെപിസിസി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂർ എംപിയുമായ കെ സുധാകരൻ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിലും കോൺഗ്രസ് വിമതർ ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചു. ആലപ്പുഴ നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഡിസിസി ഓഫീസിന് മുന്നിൽ രാത്രി പത്ത് മണിയോടെയാണ് ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസ് കൂട്ടായ്‌മയുടെ പേരിലാണ് ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
കെപിസിസി നേതൃസ്ഥാനം കെ സുധാകരനെ ഏൽപ്പിക്കണമെന്നും ആലപ്പുഴ ഡിസിസി നേതൃത്വത്തെ പിരിച്ചുവിടണമെന്നും ഫ്ലക്‌സ് ബോർഡിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചതുമായി കോൺഗ്രസ് പ്രവർത്തകർക്ക് ബന്ധമില്ലെന്നാണ് ഡിസിസി അധ്യക്ഷൻ അഡ്വ.എം ലിജു പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ലിജു പറഞ്ഞു. കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ പലയിടത്തും സമാനമായ രീതിയിലുള്ള ഫ്ലക്‌സ് ബോർഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.