ആലപ്പുഴ: ഐആം ഫോര്‍ ആലപ്പിയുടെ 'ഡോണേറ്റ് എ ബോട്ട്, ഡൊണേറ്റ് എ ലൈവ്‌ലീ ഹുഡ്' പദ്ധതി പ്രകാരം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മത്സ്യബന്ധന വള്ളങ്ങൾ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വിതരണം ചെയ്‌തു. ഉള്‍നാടന്‍ മത്സ്യ ബന്ധനമേഖല കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെന്നും സംസ്ഥാന സര്‍ക്കാരും ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികള്‍ക്കായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌പൈസ് ജെറ്റ്, പ്ലാന്‍ ഇന്‍ഡ്യ, സിവൈഡിഎ എന്നിവയുടെ സഹകരണത്തോടെ 258 വള്ളങ്ങളാണ് വിതരണം ചെയ്‌തത്.
വിവിധ ജില്ലകളിലായി പരന്നുകിടക്കുന്ന വേമ്പനാട്, അഷ്ടമുടി കായലുകളിലെ പ്രത്യേകം തെരഞ്ഞെടുത്ത 30 ഹെക്‌ടര്‍ സ്ഥലം കണ്ടെത്തി സംരക്ഷിത മേഖലയായി പ്രഖ്യാപിക്കും. വേമ്പനാട് കായലില്‍ മാത്രം 14 സ്ഥലങ്ങളാണ് സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. മീനുകളുടെ പ്രജനനം നടത്തുന്നതിനാണിത്. അനുദിനം നശിക്കുന്ന കായല്‍ സമ്പത്തിനെ സംരക്ഷിച്ച് പുനരുദ്ധരിക്കാന്‍ ഇതിലൂടെ സാധിക്കും. 'റൂം ഫോര്‍ റിവര്‍' എന്ന പദ്ധതിയാണ് ഉള്‍നാടന്‍ മത്സ്യബന്ധനമേഖലയില്‍ നടത്തുക. കായലിന്റെ സന്തുലിതാവസ്ഥ സംരക്ഷിക്കാന്‍ കടല്‍ വെള്ളം കയറ്റിയിറക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തണ്ണീര്‍മുക്കം, തോട്ടപ്പള്ളി ബണ്ടുകള്‍ തുറന്നിട്ട് കടല്‍ വെള്ളം കയറ്റി ഇറക്കി കുട്ടനാട്ടിലെ മാലിന്യം ഉള്‍പ്പെടെ ഒഴിവാക്കാം. ബണ്ട് തുറന്നിരിക്കുന്ന സമയം കടല്‍ മീനുകള്‍ മുട്ട ഇടാനായി അകത്തേക്ക് വരും. ചെറുമത്സ്യങ്ങളെ പിടിക്കുന്ന അശാസ്ത്രീയമായ മത്സ്യബന്ധന രീതി അവസാനിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2019-21 കാലഘട്ടം ഉള്‍നാടന്‍ ജലാശയ മേഖലയുടെ പുനരുദ്ധാരണത്തിന്‍റെ വര്‍ഷമാണ്. ഒട്ടേറെ പദ്ധതികൾ ഈ മേഖലയില്‍ നടപ്പാക്കും. ഐആം ഫോര്‍ ആലപ്പി പദ്ധതി വഴി ലഭിക്കുന്ന വള്ളങ്ങള്‍ ദുരുപയോഗം ചെയ്യുന്ന അവസ്ഥ ഉണ്ടാവരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്താന്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരജ്ഞന്‍ അധ്യക്ഷത വഹിച്ചു. ഇതുവരെ 679 മത്സ്യബന്ധന വള്ളങ്ങളാണ് ഐആം ഫോര്‍ ആലപ്പി വിതരണം ചെയ്തത്.