ആലപ്പുഴ: ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. ആലപ്പുഴ സ്വദേശി ജിഷ്ണുവിന്‍റെ വാനിനാണ് തീപിടിച്ചത്. കളർകോട് ഭാഗത്ത് നിന്ന് കൊമ്മാടിയിലേക്ക് വരുകയായിരുന്ന വാഹനം വിജയ പാർക്ക് പരിസരത്ത് എത്തിയപ്പോഴായിരുന്നു സംഭവം.
വാഹനത്തിൽ നിന്ന് പുകയും ശബ്ദവും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജിഷ്ണു വാഹനം റോഡിന് വശത്തേക്ക് ഒതുക്കി ഇറങ്ങി. പൊടുന്നനെ തീ ആളിപ്പടര്‍ന്നു. തുടർന്ന് യുവാവ് അറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു. ബൈപ്പാസ് ബീക്കൺ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വാഹനത്തിലെ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ജിഷ്ണുവിന്‍റെ കൈയ്ക്ക് സാരമല്ലാത്ത പൊള്ളലുണ്ടെന്നതൊഴികെ മറ്റ് അപകടങ്ങളൊന്നുമില്ലെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു. സംഭവത്തെത്തുടർന്ന് ബൈപ്പാസിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.