ആലപ്പുഴ: പാണാവള്ളിയിൽ അപൂർവരോഗം ബാധിച്ച് പതിനഞ്ച് വയസുകാരൻ മരിച്ചു. പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗം ബാധിച്ചാണ് വിദ്യാർഥി മരിച്ചത്. ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കിഴക്കെമായിത്തറ അനിൽകുമാറിന്‍റെ മകൻ ഗുരുദത്ത് ആണ് മരിച്ചത്.
ജില്ലയിൽ രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.
2016ൽ ആലപ്പുഴ നഗരസഭ പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കള്‍ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്‍റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
പനി, തലവേദന, ഛർദി, അപസ്‌മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മുന്നറിയിപ്പ് നൽകി.
കുട്ടി മരിച്ചതായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി: ആലപ്പുഴ ജില്ലയിൽ അപൂർവ രോഗം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച് കുട്ടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. ഇതിന് മുൻപ് അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ആലപ്പുഴ ജില്ലയിൽ 2016 ൽ ഇതേ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം 2019, 2020, 2022 തുടങ്ങിയ വര്‍ഷങ്ങളിലാണ് ഇതിന് മുൻപ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
100 ശതമാനം മരണസാധ്യതയുള്ള രോഗമാണ്. വളരെ വിരളമായിട്ടാണ് ഇതു കാണപ്പെടുന്നത്.
മൂക്കിനുള്ളിലെ നേർത്ത കുഴിയിലൂടെ അമീബ തലച്ചോറിലേക്ക് പ്രവേശിക്കും.
ജൂലൈ ഒന്നിന് തലവേദന കാഴ്‌ച തടസം തുടങ്ങിയ ബുദ്ധിമുട്ടുകൾ കാരണമാണ് കുട്ടി ആശുപത്രിയിൽ എത്തിയത്. പരസ്‌പര ബന്ധമില്ലാത്ത പെരുമാറ്റം കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ റെഫർ ചെയ്യുകയായിരുന്നു. പതിനായിരത്തിൽ ഒരാൾക്ക് വരുന്ന രോഗമാണിത്.
മിക്ക കുളങ്ങളിലും ഈ അമീബ കാണപ്പെടുന്നു. എന്നാൽ വളരെ വിരളമായിട്ടാണ് ആളുകളുടെ ശരീരത്തിൽ കയറുന്നത്. ആളുകളിൽ നിന്നും ആളുകളിലേക്ക് പടരുന്ന സാഹചര്യമില്ല. 2016 മുതൽ ആണ് ഇതു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പരിശോധന നടത്തിയപ്പോഴാണ് അഞ്ച് പേർക്ക് മുൻപ് രോഗം ബാധിച്ചിരുന്നതായി തിരിച്ചറിയുന്നത്. വ്യക്തിയുടെ ശാരീരിക ഘടന കൊണ്ടാകാം ഇതു സംഭവിക്കുന്നത്തെന്നും വീണ ജോർജ് പറഞ്ഞു.