ആലപ്പുഴ: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം കോം ബിരുദ പ്രവേശനം നേടിയ കേസിലെ പ്രതി എസ്‌എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിനെ കായംകുളം കോടതി ഏഴ് ദിവസം പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. കലിംഗ സര്‍വകലാശാല, കേരള സർവകലാശാല, സർട്ടിഫിക്കറ്റ് തയ്യാറാക്കിയ എറണാകുളത്തെ സ്ഥാപനം എന്നിവിടങ്ങളിലെല്ലാം നിഖിലുമൊത്ത് തെളിവെടുപ്പ് നടത്തണമെന്നും അതിനാല്‍ 14 ദിവസത്തെ കസ്‌റ്റഡി വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കസ്‌റ്റഡി കാലാവധി രണ്ടു ദിവസമായി വെട്ടിച്ചുരുക്കണമെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
ജൂൺ 27ന് കോടതി നിഖിൽ തോമസിന്‍റെ ജാമ്യപേക്ഷ പരിഗണിക്കും. 26ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ഒളിവിൽ പോകുന്നതിനു മുൻപ് നിഖിൽ ഫോൺ തോട്ടിൽ ഉപേക്ഷിച്ചിരുന്നു.
കായംകുളം പാർക്ക് ജങ്‌ഷന് സമീപത്തെ കരിപ്പുഴ തൊട്ടിലാണ് ഫോൺ ഉപേക്ഷിച്ചത്. റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്എഫ്ഐ മുൻ കായംകുളം ഏരിയ പ്രസിഡന്‍റ് അബിൻ രാജ് നടത്തുന്ന എറണാകുളത്തെ ഒറിയോൺ എന്ന സ്ഥാപനം വഴിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്.
സർട്ടിഫിക്കറ്റിനായി അബിൻ രാജിന് പണം നൽകിയത് ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്കാണെന്നും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്. സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയത് അബിൻ രാജാണെന്നും 2020ൽ സർട്ടിഫിക്കട്ടിനായി അബിൻ രാജിന് രണ്ട് ലക്ഷം രൂപ കൈമാറിയെന്നും നേരത്തെ നിഖിൽ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്ന് അബിൻ രാജിനെ കേസിൽ രണ്ടാം പ്രതിയാക്കി.
വിദേശത്തുള്ള അബിൻ സി രാജിനെ കേരളത്തിൽ എത്തിക്കും. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് കായംകുളം എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി അബിൻ സി രാജുവാണെന്ന് നിഖില്‍ തോമസ് മൊഴി നല്‍കിയിരുന്നു. കസ്‌റ്റഡിയിലെടുത്ത ശേഷം കായംകുളം പൊലീസ് സ്‌റ്റേഷനിലെത്തിച്ചുള്ള പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ നിഖിൽ വെളിപ്പെടുത്തിയത്. എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി അബിൻ സി രാജു നിലവില്‍ മാലിദ്വീപിലാണ് ഉള്ളത്.
കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അബിൻ തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് എം കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി.
വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായി മാലിദ്വീപിലുള്ള അബിനെ നാട്ടിൽ എത്തിക്കാനാണ് പൊലീസ് നീക്കം. അബിനെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിൽ കൂടുതൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാകും.
സംഭവത്തിൽ കോളജിൽ നിന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതുൾപെടെ കാര്യങ്ങൾ പൊലീസ് അന്വേഷണ വിധേയമാക്കും. കോഴിക്കോട്ടുനിന്ന് വരുമ്പോള്‍ കോട്ടയം ബസ് സ്‌റ്റാന്‍ഡില്‍ വച്ചാണ് നിഖിലിനെ പൊലീസ് സംഘം കസ്‌റ്റഡിയിലെടുത്തത്. നിഖില്‍ കൊട്ടാരക്കരയ്ക്കാണ് ടിക്കറ്റെടുത്തിരുന്നത്. അഞ്ചുദിവസമായി ഒളിവിലായിരുന്നു നിഖില്‍.
കള്ളത്തരങ്ങള്‍ മറനീക്കി പുറത്തുവരുന്നത് ഇങ്ങനെ: അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങള്‍ക്കിടെ നിഖില്‍ തോമസ് എന്ന വിദ്യാര്‍ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാല രജിസ്‌ട്രാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നിഖിലിന്‍റെ കള്ളങ്ങള്‍ മറനീക്കി പുറത്തു വരുന്നത്. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിഞ്ഞതെന്നും നിഖില്‍ തോമസിനെതിരെ നിയമ നടപടിയെടുക്കുമെന്നും രജിസ്‌ട്രാര്‍ സന്ദീപ് ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഛത്തീസ്‌ഗഡിലെ റായ്‌പൂരില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ സര്‍വകലാശാലയാണ് കലിംഗ യൂണിവേഴ്‌സിറ്റി.
ആലപ്പുഴ കായംകുളം എംഎസ്‌എം കോളജില്‍ 2017-20 ബി കോം വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായ നിഖില്‍ തോമസ് ഡിഗ്രി തോല്‍ക്കുകയും ശേഷം 2021ല്‍ അതേ കോളജില്‍ എം കോമിന് അഡ്‌മിഷന്‍ നേടുകയും ചെയ്യുകയായിരുന്നു. 2019ല്‍ കലിംഗയില്‍ പഠിച്ചെന്നായിരുന്നു നിഖിലിന്‍റെ വാദം. ഈ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടാണ് പിജിക്ക് അഡ്‌മിഷന്‍ നേടിയതും.
2017 മുതല്‍ 2020 വരെ കലിംഗ സര്‍വകലാശാലയില്‍ പഠിച്ചെന്നും ഫസ്‌റ്റ് ക്ലാസ് എന്നുമാണ് നിഖില്‍ തോമസ് നല്‍കിയ രേഖ. യുജിസി അംഗീകാരമുള്ളതിനാല്‍ തന്നെ കലിംഗ സര്‍വകലാശാലയുടെ ബി കോം ബിരുദം കേരള സര്‍വകലാശാലയില്‍ അംഗീകരിക്കുകയും ചെയ്‌തു.