ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. നന്നായി പാകം ചെയ്‌ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും പകുതി വേവിച്ച മുട്ടയും മാംസവും ഒഴിവാക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പച്ച മാംസം കൈകാര്യം ചെയ്‌ത ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണമെന്നും ജനങ്ങളുടെ ആശങ്കകൾക്ക് മറുപടിയായി മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. റെനി ജോസഫ് വിശദീകരണം നൽകി.
പക്ഷികളെ ബാധിക്കുന്ന വൈറൽ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പകരാം. തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിച്ചു പോകും. ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ ദേശാടന കിളികളെയോ പക്ഷി കാഷ്‌ഠമോ നേരിട്ട് കൈകാര്യം ചെയ്യരുത്. ഇതിനായി കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുകയും ചെയ്യണം. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.