ആലപ്പുഴ: പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തുണ്ടായ മാറ്റങ്ങള്‍ സമൂഹം തിരച്ചറിഞ്ഞിട്ടുണ്ടെന്ന് ആർ രാജേഷ് എംഎൽഎ. മാവേലിക്കരയിൽ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടി ആർ രാജേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാർ വിപ്ലവകരമായ മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവന്നിട്ടുള്ളതെന്നും ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് മുന്നേറ്റത്തിന്‍റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
പൊതു സമൂഹത്തിന്‍റെയും അധ്യാപക സമൂഹത്തിന്‍റെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ് പൊതു വിദ്യാഭ്യാസ മേഖലയിലെ ഇന്നത്തെ പുരോഗതിയെന്നും എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാന പ്രഖ്യാപനത്തിന്‍റെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ 92 സ്‌കൂളുകളില്‍ കൈറ്റ് മുഖേന 752 ലാപ് ടോപ്പുകള്‍, 476 പ്രോജക്ടറുകള്‍, 43 ഇഞ്ചിന്‍റെ 34 ടിവികള്‍, 37 ക്യാമറകള്‍, 38 വെബ് ക്യാമുകള്‍, 638 സ്പീക്കറുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചടങ്ങിന് തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനിലാ സതീഷ് അധ്യക്ഷയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രഘുപ്രസാദ്, ജനപ്രതിനിധികളായ ദീപാ വിജയകുമാര്‍, സൂര്യ വിജയകുമാര്‍, ഷീബാ സതീഷ്, മാവേലിക്കര ഡി.ഇ.ഒ സുജാത, എ.ഇ.ഒ ജയിംസ് പോള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.നജീം തുടങ്ങിയവര്‍ പങ്കെടുത്തു.