ആലപ്പുഴ: റേഷന്‍ സംവിധാനം സുതാര്യവും സംശുദ്ധവുമാക്കി മാറ്റാന്‍ ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-കാര്‍ഡുകള്‍ പ്രാബല്യത്തിലാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തെ സംബന്ധിച്ച് നടന്ന മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സമഗ്രമായ പരിവര്‍ത്തനം ലക്ഷ്യമിട്ടുകൊണ്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മുന്‍ഗണന കാര്‍ഡുകളുടെ റേഷന്‍ ഉപഭോഗം നൂറ് ശതമാനമായി വര്‍ധിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇന്ത്യയില്‍ എവിടെ നിന്നും ഉപഭോക്താക്കള്‍ക്ക് റേഷന്‍ സ്വീകരിക്കാന്‍ കഴിയുന്ന സംവിധാനമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. റേഷന്‍ വിതരണം അഴിമതി രഹിതമാക്കാന്‍ വിതരണ വാഹനങ്ങളില്‍ കളര്‍ കോഡ്, ജിപിഎസ് തുടങ്ങിയവ നടപ്പാക്കും. പരാതി പരിഹാരത്തിന് ജില്ലാ തലം, താലൂക്ക് തലം, ഓരോ റേഷന്‍കടകള്‍ എന്നിങ്ങനെ വിജിലന്‍സ് സമിതികള്‍ക്ക് രൂപം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റേഷന്‍ വിതരണ രംഗത്ത് കമ്പ്യൂട്ടര്‍ വല്‍കരണം, ഓണ്‍ലൈന്‍ പരാതി പരിഹരണം, ഫുഡ് കമ്മീഷന്‍റെ ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള നടപടികള്‍, വാതില്‍പ്പടി റേഷന്‍ വിതരണം എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിനെ ഭക്ഷ്യ വിതരണ രംഗത്ത് ഇന്ത്യയിലെ തന്നെ മികച്ച സംസ്ഥാനമാക്കി മാറ്റാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.