ആലപ്പുഴ: കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിൽ നഗരസഭാ ചെയർമാനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച്. ആലപ്പുഴ ബീച്ചിൽ അണ്ടർവാട്ടർ എക്സിബിഷൻ നടത്താൻ സ്വകാര്യ സംരംഭകരിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നതാണ് നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന് നേരെയുള്ള ആരോപണം. ഇതോടെ നഗരസഭാ ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിന് സമീപത്ത് നിന്ന് തുടങ്ങിയ പ്രതിഷേധമാർച്ച് ആലപ്പുഴ മുനിസിപ്പൽ ഓഫീസിന് മുന്നിൽ സമാപിച്ചു. നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.
പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എം.എം. അനസ് അലി, ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ, നഗരസഭ പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്‌മണൻ തുടങ്ങിയവർ സംസാരിച്ചു. അഴിമതി ആരോപണത്തിൽ നഗരസഭാധ്യക്ഷനെതിരെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് കൂടുതൽ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി അഡ്വ. ആർ.രാഹുൽ പറഞ്ഞു.