ആലപ്പുഴ : മദ്യനിരോധന ദിനമായ ഗാന്ധി ജയന്തി ദിനത്തിൽ മദ്യവിൽപന നടത്തിയ രണ്ടു പേർ അറസ്‌റ്റിൽ. അമ്പലപ്പുഴ വളഞ്ഞവഴി സ്വദേശികളായ മനീഷ്, ജിജി ഉത്തമൻ എന്നിവരാണ് അറസ്‌റ്റിലായത്. എസ്എൻ കവല-കഞ്ഞിപ്പാടം റോഡിൽ കൊപ്പാറ കടവിൽ പ്രവർത്തിക്കുന്ന കള്ള്ഷാപ്പ് ജീവനക്കാരാണിവർ. അമ്പലപ്പുഴ എസ്എച്ച്ഒ മനോജ്, എസ്ഐ എ.ഷഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്‌റ്റിലായത്. പരിശോധനയ്ക്കായി ഷാപ്പിൽ പോലീസ് എത്തിയതോടെ മദ്യപരും ഷാപ്പ് ജീവനക്കാരും ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇവരെ പോലീസ് പിടികൂടുകയായിരുന്നു.
ഗാന്ധി ജയന്തി ദിനത്തിൽ ഇരുവരും ഷാപ്പ് തുറന്നു പ്രവർത്തിച്ചതിനൊപ്പം വിദേശമദ്യ വില്‍പന നടത്തിയെന്നും ഇവരിൽ നിന്ന് വിദേശ മദ്യവും 2000 രൂപയും കണ്ടെടുത്തതായും അമ്പലപ്പുഴ പോലീസ് അറിയിച്ചു. കള്ള്ഷാപ്പ് ഉടമ ഡി.സജീവൻ എന്നയാളുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്നും ഇയാൾക്കായുള്ള അന്വേഷണം നടന്നുവരുന്നതായും അമ്പലപ്പുഴ പോലീസ് വ്യക്തമാക്കി.