ആലപ്പുഴ : അടിക്കടിയുണ്ടാവുന്ന വെള്ളപ്പൊക്കം, കൃഷി നാശം,അനുബന്ധ ദുരിതങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിൽ കുട്ടനാടിനെ ദുരന്തമേഖലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിൽ കർഷകർ വിലാപ സംഗമം സംഘടിപ്പിച്ചു (Farmers Protest in Alappuzha). ചലോ ദില്ലി കർഷക ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ നടത്തിയ കർഷക വിലാപ സംഗമം ജനകീയ പ്രതിരോധ സമിതി ജില്ല പ്രസിഡന്റ് അഡ്വ. മധു ഉദ്‌ഘാടനം ചെയ്തു. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടുക, നൽകാനുള്ള നഷ്ടപരിഹാരത്തുക സമയബന്ധിതമായി വിതരണം ചെയ്യുക, വെള്ളപ്പൊക്കം തടയാൻ നടപടികൾ സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരുടെ സമരം.
വെള്ളപ്പൊക്കത്തിനും മടവീഴ്ചയിലും കൃഷിനാശം സംഭവിച്ച പാടങ്ങളിലെ നെൽകറ്റകളുമായി നടത്തിയ സമരത്തിൽ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുത്തു.