ആലപ്പുഴ: അമ്പലപ്പുഴയിൽ മൂന്ന് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയ്‌ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. അമ്പലപ്പുഴ കാക്കാഴം പുതുവൽ വൈശാഖ് ഭാര്യ മോനിഷ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യൻ ശിക്ഷാനിയമം 307 പ്രകാരം അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച വൈശാഖിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും കുട്ടികളെ മർദിക്കുന്നത് പതിവായിരുന്നെന്നും അമ്പലപ്പുഴ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. മനോജ് പറഞ്ഞു. ഇവരുടെ വീട്ടില്‍ നിന്നും പതിവായി വഴക്കും ബഹളവും കേള്‍ക്കാമായിരുന്നെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തി. ക്രൂരമായി മര്‍ദനമേറ്റ കുഞ്ഞ് ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.