ആലപ്പുഴ: പുരാവസ്‌തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തി ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായ മോൻസണ്‍ മാവുങ്കലിൻ്റെ ചേർത്തലയിലെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. അന്വേഷണത്തിൻ്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. റെക്‌സ് ബോബിയുടെ നേതൃത്വത്തിൽ മോൻസൻ്റെ ചേർത്തലയിലെ വീട്ടിൽ പരിശോധന നടത്തിയത്. ബുധനാഴ്‌ച വൈകിട്ട് നാലരയോടെ എത്തിയ സംഘം പരിശോധനയ്ക്ക് ശേഷം രാത്രി എട്ട് മണിയോടെയാണ് മടങ്ങിയത്.
മോൻസൻ്റെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. അന്വേഷണ സംഘം ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായാണ് സൂചന. ക്രൈംബ്രാഞ്ച് റെയ്‌ഡ് ചെയ്യുന്നുവെന്ന വാർത്തയറിഞ്ഞ് വീടിന് പുറത്ത് നാട്ടുകാരും തടിച്ചുകൂടി. എട്ട് മണിയോടെ മടങ്ങിയ ക്രൈംബ്രാഞ്ച് സംഘം മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
ചേർത്തല വല്ലയിൽ ക്ഷേത്രത്തിന് സമീപത്തെ മാവുങ്കൽ വീട്ടിൽ നിന്നാണ് വ്യാജ പുരാവസ്‌തു വിൽപനക്കാരാനായ മോൻസനെ എറണാകുളം ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്‌തത്. മോൻസൻ്റെ മകളുടെ വിവാഹ നിശ്ചയ ദിവസം രാത്രി ആഘോഷ പരിപാടിക്കിടെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കഥകളാണ് പുറത്ത് വരുന്നത്.
Also Read: പുരാവസ്‌തു തട്ടിപ്പ്: ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ ക്രൈംബ്രാഞ്ചിനു മുന്നിൽ