ആലപ്പുഴ: പാർട്ടിയുടെ പരസ്യ നടപടി നേരിട്ട അമ്പലപ്പുഴ മുൻ എം.എല്‍.എയും സിപിഎം നേതാവുമായ ജി സുധാകരനെ പൊതു പരിപാടികളിൽ നിന്ന് അവഗണിക്കുന്നതായി ആക്ഷേപം. പുന്നപ്ര ജെ.ബി എൽ.പി സ്‌കൂൾ കെട്ടിട ഉദ്ഘാടന നോട്ടീസിൽ നിന്ന് ജി സുധാകരന്‍റെ പേര് വെട്ടിയെന്നാണ് ആക്ഷേപം. ജി സുധാകരന്‍ എംഎല്‍എയായിരുന്ന സമയത്തെ എംഎല്‍എ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ഉദ്‌ഘാടന ചടങ്ങില്‍ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.
അതു കൂടാതെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പങ്കെടുത്ത അമ്പലപ്പുഴയിലെ പരിപാടിയിലും ജി സുധാകരന്‍റെ പേരില്ല. സർക്കാർ പരിപാടികൾ കൂടാതെ ഡി.വൈ.എഫ്.ഐ നടത്തുന്ന സെക്കുലർ ഫെസ്റ്റിലും സുധാകരനെ പങ്കെടുപ്പിക്കുന്നില്ലെന്നാണ് ആക്ഷേപം.
തോമസ് ഐസക്കിന് വേദിയുണ്ട്
ആലപ്പുഴ ജില്ലയില്‍ ജി സുധാകരനെ മാറ്റി നിർത്താൻ ശ്രമം നടക്കുമ്പോൾ ആലപ്പുഴയിലെ മുൻ എംഎല്‍എ തോമസ് ഐസക്കിന് പാർട്ടി നല്ല പരിഗണന നല്‍കുന്നുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ ചെട്ടികാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയം ഉദ്‌ഘാടനം നിർവഹിച്ചത് തോമസ് ഐസക്കാണ്
സജീവമാകുമെന്ന് ആവര്‍ത്തിച്ച് സുധാകരന്‍
പാർട്ടിയില്‍ അവഗണന നേരിടുന്നതായി ആക്ഷേപം ശക്തമാകുമ്പോഴും പാർട്ടി പരിപാടികൾക്കും സമ്മേളനങ്ങൾക്കും സജീവമായി പങ്കെടുത്ത് പാർട്ടിക്കൊപ്പം നിൽക്കുമെന്ന് കഴിഞ്ഞ ദിവസം ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങളിലൊന്നും പ്രതികരിക്കാൻ സി.പി.എം ജില്ല നേതൃത്വം തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.
Also Read: മഹാനായ നേതാവ്; വിവാദങ്ങൾക്കിടെ ജി.സുധാകരനെ പുകഴ്ത്തി എച്ച് സലാം എം.എൽ.എ