ആലപ്പുഴ: തോട്ടപ്പള്ളിയിലെ സി.പി.എം പ്രവർത്തകൻ സജീവന്‍റെ തിരോധാനത്തിൽ പൊലീസ് അന്വേഷണം പ്രഹസനമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. സജീവന്‍റെ തിരോധാനം അതീവ ദുഃഖകരമാണ്. ഇത്രയും നാളായിട്ടും ഒരു സൂചന പോലും പൊലീസിന് ലഭിച്ചില്ല എന്നത് സാമാന്യബുദ്ധിയുള്ള ആർക്കും സംശയം തോന്നുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
തിരോധാനത്തിന് ദിവസങ്ങൾക്ക് മുൻപ് സജീവനെ മൂന്ന് പേർ വിളിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി വീട്ടുകാർ മൊഴി നൽകിയിരുന്നു. സംശയമുള്ള ആളുകളുടെ പേരുകൾ വീട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അവരെ പോലും വേണ്ടരീതിയിൽ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. കേരള പൊലീസ് അന്വേഷിച്ചാൽ സജീവനെ കണ്ടെത്താൻ കഴിയില്ല.
ALSO READ: 'ദര്‍ശനം ആഗ്രഹിച്ചു വരുന്ന എല്ലാ ഭക്തര്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കും'; എന്‍ വാസു
അതുകൊണ്ടുതന്നെ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണം. ഇതുമായി ബന്ധപ്പെട്ട് എന്ത് സഹായത്തിനും കുടുംബത്തിനൊപ്പം കെ.പി.സി.സി ഉണ്ടാകും. സി.പി.എമ്മിന്‍റെ അറിവോടുകൂടിയാണ് സജീവന്‍റെ തിരോധാനം ഉണ്ടായതെന്നതിൽ സംശയമില്ല.
തെളിവുകൾ നശിപ്പിക്കുന്നതിന് മുമ്പ് ശക്തമായ അന്വേഷണം ഉണ്ടാകണമെന്നും സുധാകരൻ തോട്ടപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.