ആലപ്പുഴ : കായംകുളം എംഎൽഎ അഡ്വ. യു.പ്രതിഭയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സിപിഎം കായംകുളം ഏരിയ കമ്മിറ്റി സെക്രട്ടറി പി.അരവിന്ദാക്ഷന്‍. കായംകുളത്ത് വോട്ട് ചോർച്ചയുണ്ടായി എന്ന എംഎല്‍എയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. എല്‍ഡിഎഫിന് കായംകുളത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു കൂടുകയാണുണ്ടായത്. ഇത് വോട്ടു വിഹിതവും തെരഞ്ഞെടുപ്പ് ഫലവും പരിശോധിച്ചാൽ വ്യക്തമാവുമെന്ന് കായംകുളം ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷന്‍ പറഞ്ഞു.
കായംകുളത്ത് പാർട്ടിക്ക് ലഭിക്കാവുന്നതിലും ഏറ്റവും മികച്ച ഭൂരിപക്ഷവും വോട്ടു വിഹിതവുമാണ് ഇത്തവണ ലഭിച്ചത്. എല്ലാ പഞ്ചായത്തുകളിലും പതിവിൽ നിന്ന് വ്യത്യസ്‌തമായി കായംകുളം നഗരസഭാ പ്രദേശത്തും ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും മലയാള ചലച്ചിത്ര രംഗത്തെ വൻ താരനിരയും ഒന്നിച്ച് യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് എത്തിയിട്ടു പോലും അതിനെയെല്ലാം അതിജീവിച്ചാണ് കായംകുളത്ത് വിജയം എൽഡിഎഫ് നേടിയെടുത്തത്.
തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് മണ്ഡലം കമ്മിറ്റിയും സിപിഎം മണ്ഡലം കമ്മിറ്റിയും കൂടി വോട്ടു വിഹിതം ചർച്ച ചെയ്‌ത് വിലയിരുത്തിയിരുന്നു. എന്നിട്ടും എംഎൽഎ എന്ത് കൊണ്ടാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല. ഇക്കാര്യം എംഎൽഎ തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും പി.അരവിന്ദാക്ഷന്‍ പറഞ്ഞു.
Also Read: 'കായംകുളത്തെ വോട്ടുചോര്‍ച്ച ചര്‍ച്ച ചെയ്യണം' ; പാര്‍ട്ടി നേതാക്കളെ ഉന്നംവച്ച് യു പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
തനിക്കെതിരെ പ്രവർത്തിച്ച ആളിനെ ആശുപത്രി വികസന സമിതിയിൽ ഉൾപ്പെടുത്തിയെന്ന എംഎൽഎയുടെ ആരോപണവും പാർട്ടി തള്ളിക്കളയുകയാണ്. കായംകുളം നഗരസഭയിലെ എല്ലാ പാർട്ടി പ്രതിനിധികളും ചേർന്നാണ് താലൂക്ക് ആശുപത്രിയിലെ വികസന സമിതിയിലെ അംഗങ്ങളെ തീരുമാനിച്ചത്. നഗരസഭയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ് ഇതെന്നും ഇതിൽ പാർട്ടിക്ക് മാത്രമായി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.