ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെച്ച സിപിഎം ആലപ്പുഴ ജില്ല സമ്മേളനത്തിന് ചൊവ്വാഴ്‌ച (15.02.22) തുടക്കമാകും. കഞ്ഞിക്കുഴി ഏരിയയ്ക്ക് കീഴിലുള്ള കണിച്ചുകുളങ്ങരയിലെ എം.എ അലിയാർ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക. സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.
പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ പങ്കെടുക്കും. ഇതിന് പുറമെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, എം.വി ഗോവിന്ദൻമാസ്റ്റർ, ടി.എം തോമസ് ഐസക്, എ.കെ ബാലൻ, പി.കെ ശ്രീമതി ടീച്ചർ, എം.സി ജോസഫൈൻ, വൈക്കം വിശ്വൻ, പി.രാജീവ് തുടങ്ങിയ നേതാക്കളും രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് കൊണ്ടാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ഏരിയ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളും 44 ജില്ല കമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സിപിഎമ്മിന്‍റെയും പാർട്ടി അംഗീകരിക്കുന്ന വർഗ- ബഹുജന സംഘടനകളുടെയും ജില്ലയിലെ കഴിഞ്ഞ നാല് വർഷക്കാലത്തെ സംഘടന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും വിമർശനങ്ങളും സമ്മേളനത്തിൽ ചർച്ചയാവുമെന്ന് സിപിഎം ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു.
കൊവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസമായി പരിമിതപ്പെടുത്തിയത്. പൊതുസമ്മേളനം, കൊടിമര-പതാക ജാഥകൾ എന്നിവ ഒഴിവാക്കി. അനുബന്ധ പരിപാടികളിൽ കലാസാംസ്‌കാരിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇവയും ഒഴിവാക്കിയതായി ജില്ല സെക്രട്ടറി അറിയിച്ചു.
Also Read: നിലമ്പൂരില്‍ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി കൊല്ലപ്പെട്ടു