ആലപ്പുഴ : സി.പി.എം ആലപ്പുഴ ജില്ല സമ്മേളനം മാറ്റി വെച്ചു. ജനുവരി 28, 29, 30 തീയതികളിൽ നടത്താനിരുന്ന സമ്മേളനമാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്ന് നീട്ടി വെച്ചത്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം മാറ്റിയത്.
കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കണിച്ചുകുളങ്ങരയിലായിരുന്നു മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ജില്ല സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നത്. ജില്ല സമ്മേളനത്തോട് അനുബന്ധമായുള്ള മുഴുവൻ പരിപാടികളും കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് നേരത്തെ മാറ്റിവച്ചിരുന്നു.
കൊവിഡ് രോഗവ്യാപനത്തിൽ കുറവ് വരുന്ന സമയത്ത് മാത്രമേ ഇനി സമ്മേളനം നടത്താൻ കഴിയൂ എന്നും തീയതിയും മറ്റും പിന്നീട് ആലോചിച്ചു തീരുമാനിക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു.
ALSO READ:പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം; 239 തടവുകാര്‍ക്ക് കൊവിഡ്
കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം 50 പേരെ ഉൾപ്പെടുത്തി മാത്രമേ സമ്മേളനം നടത്താൻ സാധിക്കൂ. ഇത് സംഘടന സമ്മേളനത്തെ ബാധിക്കും. അതുകൊണ്ടാണ് സമ്മേളന തീയതി നീട്ടി വെയ്ക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ വ്യാപൃതരാവേണ്ട സാഹചര്യത്തിൽ സമ്മേളനങ്ങളും മറ്റും നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സമ്മേളന വേദിയിലും പ്രതിനിധികളുടെ എണ്ണത്തിലും മാറ്റം വരുത്തില്ലെന്നും ജില്ല സെക്രട്ടറി വ്യക്തമാക്കി. കൊവിഡ് രോഗവ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സി.പി.എം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനം നീട്ടിവെക്കാൻ സി.പി.എം നിർബന്ധിതമായത്.