ആലപ്പുഴ: കായംകുളം എംഎൽഎ അഡ്വ.യു.പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിപിഐ ജില്ലാ നേതൃത്വം രംഗത്ത്. മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ പരസ്യപ്രതികരണം നടത്തിയ എംഎൽഎക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസാണ് രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമം വഴി നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ഖേദപ്രകടനം നടത്താന്‍ എംഎല്‍എ തയ്യാറാകണമെന്ന് ആഞ്ചലോസ് ആവശ്യപ്പെട്ടു.
ആർക്കെതിരെയാണെങ്കിലും ഇടതുപക്ഷജനപ്രതിനിധി ഉപയോഗിക്കാൻ പാടില്ലാത്ത പദപ്രയോഗമാണ് പ്രതിഭ നടത്തിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിലും 24 മണിക്കൂറും പണിയെടുക്കുന്ന മാധ്യമപ്രവർത്തകരെ പരസ്യമായി അപമാനിച്ച നടപടി പ്രതിഷേധാർഹമാണെന്നും ആഞ്ചലോസ് കൂട്ടിച്ചേര്‍ത്തു.