സിപിഐ ഓഫിസിലേക്ക് കോൺഗ്രസ് പ്രകടനം, പൊലീസ് ലാത്തി വീശി; സംഘർഷഭരിതമായി നൂറനാട് - സിപിഐ കോൺഗ്രസ് സംഘർഷം നൂറനാട്
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സ്ഥലം സന്ദർശിച്ചതിനു പിന്നാലെ സിപിഐ ഓഫിസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയതാണ് വീണ്ടും പ്രശ്‌നം രൂക്ഷമാകാൻ കാരണം.

ആലപ്പുഴ: കായംകുളം നൂറനാട് കോൺഗ്രസ് ബ്ലോക്ക് ഓഫിസ് സിപിഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ സ്ഥലത്തുണ്ടായ സംഘർഷാവസ്ഥ തുടരുന്നു. വ്യാഴാഴ്‌ച വൈകിട്ട് സിപിഐ ഓഫിസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് ഇടപെട്ട് തടഞ്ഞതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സ്ഥലം സന്ദർശിച്ചിരുന്നു.
അദ്ദേഹം മടങ്ങിയതിന് പിന്നാലെ സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ സിപിഐ ഓഫിസിലേക്ക് പ്രകടനം നടത്തി. എന്നാൽ പൊലീസ് വാഹനം കുറുകെയിട്ട് പ്രകടനം തടഞ്ഞു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ തിരികെ ഓടിയ പ്രവർത്തകർ വീണ്ടും തിരിച്ചെത്തിയതോടെ സിപിഐ ഓഫിസിന് സമീപം വീണ്ടും ഉന്തും തള്ളുമുണ്ടായി.
എഐവൈഎഫ്, സിപിഐ കൊടിമരങ്ങൾ പിഴുതുമാറ്റി കോൺഗ്രസ്: കോൺഗ്രസ് ഓഫിസിന് മുന്നിൽ സിപിഐ കൊടിമരം നാട്ടിയതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കോൺഗ്രസ് കൊടി പിഴുതു മാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് ഓഫിസ് തകർത്തതോടെ പ്രശ്‌നം രൂക്ഷമായി. ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് പ്രദേശത്തെ നാലു പഞ്ചായത്തുകളിൽ വ്യാഴാഴ്‌ച കോൺഗ്രസ് ഹർത്താൽ നടത്തിയിരുന്നു.
പിന്നാലെ രാവിലെ കോൺഗ്രസ് ഓഫിസിന് മുന്നിലെത്തി പൊലീസ് നോക്കിനിൽക്കെ ചില സിപിഐ പ്രവർത്തകർ വെല്ലുവിളി നടത്തി. പൊലീസ് സ്ഥലത്തുണ്ടായിട്ടും സംഭവത്തിൽ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകരും പൊലീസുമായി വാക്കേറ്റം ഉണ്ടായി. തൊട്ടുപിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ബലമായി പൂട്ടിച്ചു.
ജീവനക്കാരെ ഓഫിസിന് പുറത്താക്കിയ ശേഷമായിരുന്നു ഓഫിസ് പൂട്ടിക്കൽ. സിപിഐ ആക്രമിച്ച കോൺഗ്രസ് ഓഫിസ് മുതിർന്ന നേതാക്കളായ കെ.സുധാകരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ സന്ദർശിച്ചിരുന്നു.