ആലപ്പുഴ: ജില്ലയിലെ കൊവിഡ് രോഗികളിൽ വിവിധ താലൂക്കുകളിൽ ഉള്ളവരെ അതത് താലൂക്കുകളിൽ തന്നെ ചികിത്സിക്കാനുള്ള സൗകര്യം സജ്ജീകരിക്കണമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. ഗൗരവകരമായ രോഗലക്ഷണങ്ങൾ ഉള്ളവരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കണം. കൊവിഡ്19 ജാഗ്രതയുമായി ബന്ധപ്പെട്ട് ചേർത്തല, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലെ എംഎൽഎമാരെ പങ്കെടുപ്പിച്ചുകൊണ്ട് കലക്‌ടറേറ്റിൽ നടന്ന അവലോകനയോഗത്തിലാണ് ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി ജി സുധാകരൻ ഈ നിർദ്ദേശം വച്ചത്.
ജില്ലയിൽ തീരദേശത്ത് രോഗവ്യാപനം സാധ്യത നിലനിൽക്കുന്നുണ്ട്. ജില്ലയിൽ 38 ഇടം കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവ യോഗം വിശകലനം ചെയ്തു. രോഗികളില്ലാത്തതും രോഗവ്യാപന സാധ്യത കുറവുള്ളതുമായ മേഖലകളെ കണ്ടെയിൻമെന്‍റ് സോൺ നിയന്ത്രണങ്ങളിൽ നിന്നു ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കാൻ ജില്ലാ കലക്‌ടർക്ക് നിർദ്ദേശം നൽകി. ജില്ലയിൽ 1633 പേർക്കാണ് ഇതുവരെ രോഗബാധിതർ ആയിട്ടുള്ളത്. 40 ദിവസത്തോളം ജില്ലയിൽ ആർക്കും കൊവിഡ് ബാധിക്കാത്ത സ്ഥിതി ഉണ്ടായിരുന്നുവെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.
സർക്കാരിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ശക്തമായ ഇടപെടൽ കാരണം കൊവിഡ് വ്യാപന നിയന്ത്രണ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് നടക്കുന്നത്. ജില്ലയിൽ നിലവിൽ 13752 ടെസ്റ്റുകൾ നടത്തിയതിൽ 13232 പേരുടെ ഫലം ലഭിച്ചു. 10 ക്ലസ്റ്ററുകൾ ആണ് ജില്ലയിലുള്ളത്. മന്ത്രി പി തിലോത്തമൻ, യു പ്രതിഭ എം എൽ എ, ജില്ലാ കലക്‌ടർ എ. അലക്സാണ്ടർ, ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു, ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.