ആലപ്പുഴ : ചെട്ടികുളങ്ങരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചെട്ടികുളങ്ങരയിൽ ചന്തക്ക് തെക്ക് വരിക്കോലിൽ ജംഗ്‌ഷനിൽ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ചെട്ടികുളങ്ങര പേള ബിന്ദു ഭവനത്തിൽ അഭിജിത്താണ് മരിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികരായ മറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. തട്ടാരമ്പലം ജംഗ്‌ഷനിലുള്ള മൊബൈൽ കടയിലെ ജീവനക്കാരനാണ് അഭിജിത്ത്. മൊബൈൽ കടയിൽ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന അഭിജിത്തിന്‍റെ ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് താട്ടാരമ്പലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ പരിക്കേറ്റ ഈരേഴ വടക്ക് ഉമേഷ് ഭവനത്തിൽ നിഖിൽ, ചെട്ടികുളങ്ങര പൂവൻപള്ളിയിൽ സംഗീത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിജിത്തിന്‍റെ മൃതദേഹം താട്ടാരമ്പലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.