ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചെടുത്തു. സിപിഐഎം പ്രതിനിധിയായി ഒന്നാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിജയമ്മ ഫിലേന്ദ്രനാണ് യുഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റായത്.
യുഡിഎഫിനും എൻഡിഎയ്ക്കും ആറ് സീറ്റു വീതവും എൽഡിഎഫിന് നാല് സീറ്റും ലഭിച്ച പഞ്ചായത്തിൽ രണ്ട് സ്വതന്ത്രർ കൂടി വിജയിച്ചിരുന്നു. ഇത്തവണ പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. യുഡിഎഫിൽ നിന്നും പട്ടികജാതി വനിതകളാരും ജയിച്ചില്ല. ഈ സാഹചര്യത്തിലാണ് എൽഡിഎഫിൽ നിന്നും വിജയിച്ച പട്ടികജാതി വനിതയ്ക്ക് യുഡിഎഫ് പിന്തുണ നൽകിയത്. പഞ്ചായത്തിൽ എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകാൻ ഇന്നലെ ചേർന്ന യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗം തീരുമാനിച്ചിരുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റുന്നതിനാണ് യുഡിഎഫ് നീക്കമെന്നാണ് യുഡിഎഫ് നേതാക്കൾ നൽകിയ വിശദീകരണം.