ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനം വീണ്ടും യുഡിഎഫിന്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഷിബു രാജനെയാണ് നഗരസഭ തെരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്നിന് യുഡിഎഫിലെ ജോണ്‍ മുളങ്കാട്ടില്‍ രാജി വെച്ച ഒഴിവിലാണ് മത്സരം നടന്നത്. നഗരസഭയില്‍ യുഡിഎഫ് 12, എല്‍ഡിഎഫ് എട്ട്, എന്‍ഡിഎ ആറ്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഷിബു രാജന് 12 ഉം എൽഡിഎഫ് സ്ഥാനാർഥി എ ബി ചാക്കോയ്ക്ക് ഒമ്പത് വോട്ടും ലഭിച്ചു. ചെങ്ങന്നൂര്‍ ആര്‍ഡിഒ ജി ഉഷാകുമാരിയായിരുന്നു വരണാധികാരി.
ചെങ്ങന്നൂരിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നും ചെങ്ങന്നൂർ നിവാസികളുടെ സഹകരണത്തോടെ വികസന പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്നും നഗരസഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഷിബു രാജൻ പറഞ്ഞു.
എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ജയകുമാറിന് അഞ്ച് വോട്ടാണ് ലഭിച്ചത്. എൻഡിഎ അംഗം രാജൻ കണ്ണാട്ട് വിദേശത്തായതിനാൽ വോട്ടിംഗിനെത്തിയില്ല.